Tuesday, April 08, 2025 10:39 AM
Yesnews Logo
Home News

പൊടിശല്യം  മരട് നഗരസഭയില്‍ നാട്ടുകാരുടെ പ്രതിഷേധം

സ്വന്തം ലേഖകന്‍ . Jan 13, 2020
residents-protested-in-maradu-municipality
News

ഫ്‌ളാറ്റ് പൊളിച്ചതിനെ തുടര്‍ന്നുണ്ടായ പൊടിശല്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്തതിനെതിരേ മരട് നഗരസഭയില്‍ നാട്ടുകാരുടെ പ്രതിഷേധം. പൊളിച്ചുനീക്കിയ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റിനു സമീപത്തുള്ളവരാണു പ്രതിഷേധവുമായി രംഗത്തെത്തിയത്. പൊടി ശല്യം രൂക്ഷമായതിനെത്തുടര്‍ന്നു പരിസരനിവാസികള്‍ മരട് നഗരസഭാ അധ്യക്ഷയെ ഉപരോധിച്ചു. 

പൊളിച്ച ഫ്‌ളാറ്റിനു സമീപവും റോഡിലും മാത്രമാണു ഫയര്‍ഫോഴ്‌സ് വെള്ളം തളിച്ചത്. സമീപ വീടുകളിലും വീട്ടുവളപ്പിലെ മരങ്ങളിലും പൊടി മൂടിയിരിക്കുകയാണ്. ഇതുകാരണം ഭക്ഷണം പാകം ചെയ്യാന്‍ പോലും സാധിക്കുന്നില്ലെന്നു സ്ത്രീകള്‍ പറയുന്നു.

അടുക്കളയും പാത്രങ്ങളും എല്ലാം പൊടിയില്‍ മുങ്ങിയിരിക്കുകയാണ്. ടാങ്കുകളില്‍ വെള്ളം നിറച്ചശേഷമാണു വീടുകളില്‍നിന്ന് ഒഴിഞ്ഞുപോയയത്. എന്നാല്‍ കോണ്‍ക്രീറ്റ് ചീളുകള്‍ തെറിച്ച് ടാങ്കുകള്‍ പൊട്ടിപ്പോകുകയും വെള്ളം മുഴുവന്‍ ഒഴുകിപ്പോയതായും സ്ത്രീകള്‍ പറയുന്നു. വീടിന്റെ തറയെല്ലാം പൊടിമൂടിയിരിക്കുകയാണ്. ഇത് വൃത്തിയാക്കാന്‍ വെള്ളവുമില്ലാത്ത അവസ്ഥയാണെന്നു പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

ഫ്‌ളാറ്റ് പൊളിക്കുന്നതിനു മുന്പ് ഉണ്ടായിരുന്ന പൊടി പോലും നിയന്ത്രിക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു. പൊടി മൂലം ത്വക്ക് രോഗങ്ങളും, ശ്വാസം മുട്ടലും അനുഭവപ്പെടുന്നെന്നും പരിസരനിവാസികള്‍ പറഞ്ഞു.

Write a comment
News Category