കൊയ്തു കഴിഞ്ഞ് പാടങ്ങളൊഴിഞ്ഞതോടെ കർഷകർ വെള്ളരി കൃഷിയിറക്കാൻ തയ്യാറായി. കാൽ നൂറ്റാണ്ടു മുൻപ് കേരളത്തിലെ മിക്കവയലേലകളും കൊയ്ത്ത് കഴിഞ്ഞാൽ വെള്ളരിപാടങ്ങളായി മാറുകയായിരുന്നു പതിവ്. എന്നാൽ മാറിയ ജീവിതരീതികളും കൃഷിഭൂമികൾ കരകളായി തരം മാറ്റിയതും പച്ചക്കറിക്കായി മലയാളികൾ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാനും തുടങ്ങിയതോടെ പഴയതലമുറയുടെ ഗൃഹാതുരുത്വം പേറുന്ന ഓർമ്മകളായി പച്ചക്കറി കൃഷിയും മാറി. കുറച്ച് വർഷങ്ങളായി സർക്കാറിന്റെയും കർഷക കൂട്ടായ്മകളുടേയും പ്രവർത്തനങ്ങളുടെ ഫലമായി കുറേയൊക്കെ മാറ്റം വന്നിട്ടുണ്ട്.
ഇതിനായി കുടുംബശ്രീകളും കർഷക സ്വാശ്രയ സംഘങ്ങളും സംസ്ഥാനമൊട്ടാകെ സർക്കാർ സഹായത്തിൽ കൃഷിയിറക്കുന്നുണ്ട്. ജനുവരിയിൽ കൃഷിയിറക്കി മാർച്ച് ഏപ്രിലിൽ വിളവെടുക്കുന്ന രീതിയിലാണ് വെള്ളരി കൃഷിയിറക്കുന്നത് .വിഷുവിന്റെ മാർക്കറ്റാണ് പ്രധാന ലക്ഷ്യം.ഇതിനായി മുടിക്കോട് ലോക്കൽ, അരുണിമ, സൗഭാഗ്യ തുടങ്ങിയ ഹൈബ്രിഡ് വിത്തുകൾ കൃഷി വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.ഇതിനായി സംസ്ഥാന പഴം പച്ചക്കറിവിത്ത് ഔട്ട്ലറ്റുകൾ, കൃഷി ഭവനുകൾ എന്നിവിടങ്ങളിൽ സമീപിക്കാവുന്നതാണ്.