Wednesday, January 29, 2025 04:45 AM
Yesnews Logo
Home Wild life

സുഡാനിലെ സിംഹങ്ങൾ പട്ടിണിയിൽ ; രക്ഷിയ്ക്കാൻ ഓൺലൈൻ പണസമാഹരണം

News Desk . Jan 23, 2020
sudan-lions
Wild life


സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ അൽ ഖുറേഷി നാഷണൽ  പാർക്കിലെ സിംഹങ്ങൾ പട്ടിണി കൊണ്ട് എല്ലും തോലുമായ സ്ഥിതിയിലാണ് . ആവശ്യത്തിന് ഭക്ഷണം കിട്ടാതെ എല്ലും തോലുമായ സിംഹങ്ങളെ രക്ഷിക്കുന്നതിനായാണ് ഓണ്‍ലൈന്‍ ഫണ്ട് പിരിവിന് തുടക്കം കുറിച്ചത്. 
അഞ്ച് സിംഹങ്ങളെയാണ് അല്‍ ഖുറേഷി പാര്‍ക്കില്‍ കൂട്ടിലടച്ചിരിക്കുന്നത്. ദിവസങ്ങളായി മതിയായ ഭക്ഷണവും മരുന്നും ലഭിക്കാതെ ഇവ രോഗാവസ്ഥയിലായിരിക്കുകയാണ്.

എല്ലും തോലുമായ സിംഹങ്ങളെ കണ്ട് ‌ഞെട്ടിപ്പോയെന്ന് ഫണ്ട് പിരിവിന് തുടക്കം കുറിച്ച ഒസ്‍മാന്‍ സാലിഹ് ഫേസ്ബുക്കില്‍ കുറിച്ചു. 
താത്പര്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും സഹായിക്കണമെന്നും സാലിഹ് പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായാണ് സിംഹങ്ങളുടെ ആരോഗ്യം തീരെ മോശമായതെന്നും അവയുടെ ഭാരത്തില്‍ രണ്ടിലൊന്ന് കുറവാണുണ്ടായതെന്നും പാര്‍ക്ക് അധികൃതര്‍ പറയുന്നു. ഭക്ഷണം എപ്പോഴും ലഭ്യമാകില്ലെന്നും അപ്പോള്‍ കൈയില്‍ നിന്ന് പണമെടുത്താണ് ഇവയ്ക്ക് ഭക്ഷണം നല്‍കുന്നതെന്ന് അല്‍ ഖുറേഷി പാര്‍ക്ക് മാനേജര്‍ എസ്സമെല്‍ഡിന്‍ ഹജ്ജര്‍ പറഞ്ഞു.

ഖാര്‍തും മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലുള്ളതാണ് പാര്‍ക്ക്. എന്നാല്‍ ചില സ്വകാര്യ ഫണ്ടിങ്ങും ലഭിക്കുന്നുണ്ട്.
വിദേശപണത്തിന്‍റെ അഭാവവും ഭക്ഷ്യവസ്‍തുക്കളുടെ വിലക്കയറ്റവും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് സുഡാന്‍.

സിംഹങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായതോടെ നിർജലീകരണം നേരിടുന്ന ഇവയ്ക്ക് ദ്രവരൂപത്തിലുള്ള ആഹാരമാണ് കൊടുക്കുന്നത്. പാര്‍ക്കിന്‍റെ സ്ഥിതി അതിദയനീയമാണെന്നും മൃഗങ്ങളെയെല്ലാം പലതരത്തിലുള്ള രോഗങ്ങള്‍ ബാധിച്ചിരിക്കുകയാണെന്നും പാര്‍ക്കിലെ ജീവനക്കാരനായ മോതസ് മഹ്‍മൂദ് പറഞ്ഞു.

സുഡാനില്‍ എത്ര സിംഹങ്ങളുണ്ടെന്നതിന് കൃത്യമായ കണക്ക് ലഭ്യമല്ല. എന്നാല്‍ ഭൂരിഭഗം സിംഹങ്ങളും എത്യോപ്യ അതിര്‍ത്തിയിലെ ഡിന്‍ഡര്‍ വന്യജീവി സങ്കേതത്തിലാണുള്ളത്. ആഫ്രിക്കന്‍ സിംഹങ്ങളെ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിലാണ് അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആകെ 20000 ത്തോളം ആഫ്രിക്കന്‍ സിംഹങ്ങളാണ് ഇന്നുള്ളത്.


 

Write a comment
News Category