വയനാട്ടില്‍ അടുത്ത കാലത്ത് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് തൊള്ളായിരം കണ്ടി.പ്രകൃതി ദുരന്തത്തില്‍ തകര്‍ത്തെറിയപ്പെട്ട പുത്തു മലയിലേ മലനിരകള്‍ക്ക് മറുവശമായിട്ടാണ് സ്വപ്ന ഭൂമിയായ തൊള്ളായിരം കണ്ടി സ്ഥിതി ചെയ്യുന്നത്
കല്‍പ്പറ്റയില്‍ നിന്നും മേപ്പാടി ചുരല്‍ മല റോട്ടില്‍ പതിനെട്ടു കിലോമീറ്ററോളം സഞ്ചരിച്ചാല്‍ തൊള്ളായിരം കണ്ടിയുടെ താഴ്‌വാരത്തുള്ള കള്ളാടി ടൗണിലെത്താം .ഏതാനും ചെറുകച്ചവട സ്ഥാപനങ്ങളും തൊള്ളായിരം കണ്ടിയിലേക്ക് ആളുകളെ കാത്ത് നില്‍ക്കുന്ന നിരയൊത്ത ടാക്‌സി ജീപ്പുകളുടേയും സാനിധ്യം കൊണ്ട് ഏതൊരു വിനോദ സഞ്ചാരികള്‍ക്കും മലമുകളിലേക്കുള്ള പ്രവേശന വഴി പെട്ടന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഒഴുവുദിവസങ്ങളില്‍ സമീപ ജില്ലകളില്‍ നിന്നും നൂറ് കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടേക്കെത്തുന്നത്.
അര നൂറ്റാണ്ടുകള്‍ക്ക് മുന്‍പാണ് തൊള്ളായിരം കണ്ടിയിലേക്ക് ജനങ്ങളെത്തുന്നത്. ഒരു സംഘം കുടിയേറ്റക്കാര്‍ ചെങ്കുത്തായ മലവെട്ടിത്തെളിച്ച് ഏലവും കാപ്പിയും കൃഷി ചെയ്തു പൊന്നുവിളയിളയിച്ചതോടെയാണ് ഇവിടംതൊള്ളായിരം കണ്ടിയെന്ന് പേര് വന്നത്.തൊള്ളായിരത്തോളം ഏക്കര്‍ വന ഭൂമിയാണ് കൃഷി ഭൂമിയായി മാറ്റിയത്.
താഴ്‌വാരമായ കള്ളാടിയില്‍ നിന്നും ഒന്‍പത് കിലോമീറ്റര്‍ ദൂരം വരെയാണ് പ്ലാന്റേഷനുള്ളത്. ചെങ്കുത്തായ ദുര്‍ഗ്ഗടം പിടിച്ച റോഡില്‍ കൂടി വേണം പ്രകൃതി മനോഹരമായ തൊള്ളായിരം കണ്ടിയിലെത്താന്‍.വനവും സ്വകാര്യ തോട്ടവും കൂടി കലര്‍ന്ന് കിടക്കുന്ന ഇവിടെ സഞ്ചാരികളുടെ മനം മയക്കുന്നതും ഇതേ വന്യ സൗന്ദര്യം തന്നെയാണ്.
മലയിലേക്കുള്ള റോഡില്‍ വീല്‍ ബേസില്‍ ചിലയിടങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്തതാണ് ആകെയുള്ള ആശ്വാസം .ഇരുചക്രവാഹനങ്ങളില്‍ ധാരാളം സഞ്ചാരികള്‍ ഇവിടേക്ക് ദിനം പ്രതി എത്തുന്നുണ്ട്. ഇരുചക്രവാഹനങ്ങളിലുള്ള യാത്ര അപകട സാധ്യതയുള്ളതിനാല്‍ താഴ്വാരങ്ങളില്‍ നിന്നും ജീപ്പില്‍ മലയറുന്നതാണ് കാഴ്ച ആസ്വദിക്കാനും സഞ്ചാരത്തിനും നല്ലത്.
യാത്രയുടെ പ്രധാന ആകര്‍ഷണം പാതയുടെ അരുചേര്‍ത്ത് ചിതറിയൊഴുകുന്ന കാട്ടരുരുവിയുടെ മനം മയക്കുന്ന സൗന്ദര്യവും തൊട്ടടുത്തായി പച്ചപുതച്ച് തലയുയര്‍ത്തി നില്‍ക്കുന്ന അരണമലയുടെ വശ്യമനോഹാര്യതയുമാണ്. അരുവിയില്‍ സുന്ദരമായ വെള്ളച്ചാട്ടവുമുണ്ട്.മലമടക്കുകളില്‍ നിന്നും ഒഴുകിയെത്തുന്ന ജലത്തിന് ഔഷധ ഗുണമുള്ളതായാണ് കരുതുന്നത് .വെള്ളച്ചാട്ടത്തില്‍ സ്‌നാനം നടത്തുന്നവരും കുറവല്ല.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രദേശത്തെ സ്ഥലങ്ങളില്‍ നല്ലൊരു ശതമാനവും വന്‍കിട റിസോര്‍ട്ട് കാര്‍ കൈവശപ്പെടുത്തിയിട്ടുണ്ട്.
ഇവര്‍ സഞ്ചാരികള്‍ക്കായി ഗ്ലാസ് ബ്രിഡ്ജുകളും ട്രീ ഹൗസുകളും ആര്‍ച്ചറിയും, ഷൂട്ടിങ്ങുമടക്കം വിവിധങ്ങളായ വിനോദ പരിപാടികള്‍ സജ്ജമാക്കിയിട്ടുണ്ട്.
കരിമ്പുലിയുടേയും പുള്ളിപ്പുലിയുടേയും പ്രധാന താവളമായ ഇവിടങ്ങളില്‍ ആനകളുടേയും മേച്ചില്‍പ്പുറമാണ്. കോഴിക്കോട് ജില്ലയില്‍ പെട്ട ആനക്കാംപൊയിലും മലപ്പുറം ജില്ലയിലെ നിലമ്പൂരിലേക്കും ഇവിടെ നിന്ന് ചുരുങ്ങിയ സമയം കൊണ് എത്തിചേരാവുന്ന ദൂരമേയുള്ളൂ. നിര്‍ദ്ധിഷ്ട ചുരമില്ലാ പാതയുടെ പ്രധാന ഭാഗമായ തുരങ്ക പാതയും ഇതേ മലയുടെ പാര്‍ശ്വഭാഗത്തില്‍ കൂടിയാണ് വിഭാവനം ചെയ്തിട്ടുള്ളത്.