ഇന്ത്യന്‍ എസ്യുവി കാര്‍ വിപണിയിലെ തലതൊട്ടപ്പനായ ടാറ്റ സിയറ തിരിച്ചു വരുന്നു. 2000-ല്‍ നിര്‍മാണം അവസാനിപ്പിച്ച വാഹനത്തിന്റെ ഇലക്ട്രിക് മോഡലിന്റെ കണ്‍സെപ്റ്റ് ടാറ്റ ഓട്ടോ എക്‌സ്‌പോ വേദിയില്‍ പുറത്തിറക്കി.1991-ല്‍ പുറത്തിറങ്ങിയ സിയറയുടെ സ്മരണാര്‍ഥം അതുമായി സാമ്യമുള്ള ഡിസൈനോടെയാണ് ടാറ്റ ഇ-സിയറയുടെ കണ്‍സെപ്റ്റും ഒരുക്കിയിരിക്കുന്നത്.
തങ്ങളുടെ പുതിയ വാഹനമായ ആള്‍ട്രോസ് നിര്‍മിച്ചിരിക്കുന്ന ആല്‍ഫാ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് പുതിയ സിയറയുടെയും നിര്‍മാണമെന്നാണ് സൂചന. പഴയ ഡിസൈനുമായി സാമ്യം ഉണ്ടെങ്കിലും പിറകിലെ വിന്‍ഡോ ഒരു ഗ്ലാസ് കനോപ്പി കണക്കെയാണ് പുതിയ വാഹനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
പഴയ സിയറയിലെ 3 ഡോര്‍ രീതി തന്നെയാണ് ടാറ്റ കണ്‍സെപ്റ്റിലും ഉപയോഗിച്ചിരിക്കുന്നത്.
അതായത് രണ്ടു ഡോറുകള്‍ മുന്നിലും മൂന്നാമത്തേത് വാഹനത്തിന്റെ ഇടതു വശത്തായി സ്ലൈഡിങ് രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. സിയറയുടെ മറ്റു സാങ്കേതിക വിവരങ്ങളെക്കുറിച്ച് ടാറ്റ ഒന്നും പറഞ്ഞിട്ടില്ല. വാഹനം ഔദ്യോഗികമായി വിപണിയില്‍ ഇറക്കുന്നതിനെക്കുറിച്ചും നിര്‍മാതാക്കള്‍ സൂചന നല്‍കിയിട്ടില്ല.