ഭൂട്ടാൻ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് പതിറ്റാണ്ടുകളായി തുടരുന്ന സൗജന്യ പ്രവേശനം സർക്കാർ അവസാനിപ്പിക്കുന്നു. 2020 ജൂലൈ മുതൽ ഇന്ത്യ, മാലിദ്വീപ്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളിൽ നിന്നും പ്രതിദിനം 1200 രൂപ (17 ഡോളർ) ഈടാക്കാനാണ് സർക്കാർ തീരുമാനം.
രാജ്യത്തിന്റെ പ്രകൃതി സമ്പത്ത് സംരക്ഷിക്കുന്നതിനായുള്ള പുതിയ ടൂറിസം നയത്തിന്റെ ഭാഗമായാണ് ഇത്. സുസ്ഥിര വികസന ഫീസ് (എസ്ഡിഎഫ്) ആയാണ് ഈ തുക ഈടാക്കുന്നത്. ഇത് സംബന്ധിച്ച ബില്ല് (ടൂറിസം ലെവി ആന്റ് എക്‌സെംഷന്‍ ബില്ല് ഓഫ് ഭൂട്ടാന്‍ -2020 ) കഴിഞ്ഞ ദിവസം രാജ്യത്തിന്റെ ദേശീയ അസംബ്ലി പാസാക്കി.
മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളിൽ നിന്ന് ഈടാക്കുന്ന 65 ഡോളറിനേക്കാൾ ഇന്ത്യ, മാലിദ്വീപ്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുമുള്ളവരിൽ നിന്നും ഈടാക്കുന്ന എസ്ഡിഎഫ് വളരെ കുറവാണ്. വിദേശ ടൂറിസ്റ്റുകളിൽ നിന്നും തന്നെ കവർ ചാർജ് എന്ന പേരിൽ 250 ഡോളറും പ്രതിദിനം ഈടാക്കുന്നുണ്ട്. ഇന്ത്യക്കാർ പ്രധാനമായും ഭൂട്ടാനിലെ കൂടുതൽ വികസിതമായ പടിഞ്ഞാറൻ മേഖലയിലേക്കാണ് യാത്ര ചെയ്യുന്നത്.
ഭൂട്ടാന്റെ കിഴക്കൻ മേഖലയിലും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഭാഗമായി, ട്രോങ്‌സ മുതൽ ട്രാഷിഗാംഗ് വരെയുള്ള മൊത്തം 20 ജില്ലകളിൽ 11ലും ലെവി ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യ, മാലിദ്വീപ്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് വയസ്സ് താഴെയുള്ള കുട്ടികൾക്ക് ലെവി നൽകേണ്ടതില്ല, 6 നും 12 നും ഇടയിൽ പ്രായമുള്ളവർക്ക് 600 രൂപ മാത്രമേ നൽകേണ്ടതുള്ളൂ. പ്രാദേശിക വിനോദസഞ്ചാരികൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് എസ്ഡിഎഫിന്റെ ലക്ഷ്യമെന്ന് ഭൂട്ടാൻ ടൂറിസം കൗൺസിൽ ഡയറക്ടർ ഡോർജി ധ്രദുൽ പറഞ്ഞു.
2018 ൽ ഭൂട്ടാൻ സന്ദർശിച്ച 2,74,000 വിനോദ സഞ്ചാരികളിൽ 2,00,000 പേർ ഇന്ത്യ, മാലിദ്വീപ്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. അതിൽ 1,80,000 പേർ ഇന്ത്യയിൽ നിന്നുള്ളവരാണെന്നും ടൂറിസം കൗൺസിൽ വ്യക്തമാക്കി. അതേസമയം സർക്കാർ തീരുമാനത്തിൽ രാജ്യത്തേക്കുള്ള ടൂറുകൾ ഓപ്പറേറ്റ് ചെയ്യുന്ന ഏജൻസികൾ നീരസം പ്രകടിപ്പിച്ചു. പുതിയ തീരുമാനം സഞ്ചാരികളെ കുറയ്ക്കുമെന്നാണ് ഇക്കൂട്ടർ പറയുന്നത്.