സംഘടിത മതഭീകരതയുടെ ഇരകളിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ബിംബങ്ങളിലൊന്നാണ്റി റിട്ടയേർഡ് പ്രൊഫസ്സർ ടി. ജെ. ജോസഫ്. പത്ത് വർഷങ്ങൾക്ക് മുൻപ് മാന്യമായ കോളേജ് അധ്യാപകവൃത്തിയിൽ ഏർപ്പെട്ടിരുന്നു അദ്ദേഹം. സ്നേഹസമ്പന്നയായ ഭാര്യ, രണ്ടു മക്കൾ, സമൂഹത്തിൽ മാന്യത, അംഗീകാരം, സാമ്പത്തിക ഭദ്രത. ബന്ധുമിത്രാദി വൃന്ദം. പിന്നെയങ്ങോട്ട് ആ ജീവിതത്തിൽ സംഭിച്ചത് അപസർപ്പക കഥകളെപ്പോലും വെല്ലുന്ന ഗതിവിഗതികളത്രെ. കേരള സമൂഹം പകച്ചു നിന്ന് വീക്ഷിച്ച ആ ദുരന്തകഥ ഇന്ന് സ്വന്തം വാക്കുകളിൽ അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. ആത്മകഥയുടെ പേര് 'അറ്റുപോകാത്ത ഓർമ്മകൾ'. പ്രസാധകർ ഡി സി ബുക്ക്സ്. പുറങ്ങൾ 320.
തൊടുപുഴ ന്യൂമാൻ കോളേജിൽ മലയാള വിഭാഗം അധ്യാപകനായിരുന്നു പ്രൊഫസ്സർ ടി. ജെ. ജോസഫ്. അദ്ദേഹം ബികോം പരീക്ഷയ്ക്ക് മലയാള ചോദ്യ പേപ്പർ തയ്യാറാക്കുന്ന കൂട്ടത്തിൽ സിലബസ്സിലുള്ള ചലച്ചിത്രകാരൻ പി. ടി. കുഞ്ഞു മുഹമ്മദ് സമാഹരിച്ച 'തിരക്കഥയുടെ നീതിശാസ്ത്രം' എന്ന പുസ്തകത്തിൽ നിന്ന് ഒരു ഭാഗമെടുത്ത് ഒരു ചോദ്യം തയ്യാറാക്കി. കുഞ്ഞു മുഹമ്മദിന്റെ തന്നെ 'തിരക്കഥ: ഒരു വിശ്വാസിയുടെ കണ്ടെത്തൽ' എന്ന ലേഖനത്തിൽ നിന്ന് ഒരു ശകലമെടുത്ത് അതിൽ പൂർണ്ണ വിരാമം, അർദ്ധ വിരാമം, ചോദ്യ ചിഹ്നം ഇവയൊക്കെ ചേർക്കാൻ ആവശ്യപ്പെടുന്നതായിരുന്നു ചോദ്യം. ബ്ലാക്ക് ഹ്യൂമർ വിഷയമാകുന്ന ഈ ലേഖനത്തിൽ ദൈവവുമായി ഒരു ഭ്രാന്തൻ സംഭാഷണത്തിൽ ഏർപ്പെടുകയാണ്. അങ്ങനെയാണ് 'പടച്ചോനെ, പടച്ചോനെ, നായിന്റെ മോനെ' എന്ന ഒരു ഡയലോഗ് അതിൽ വന്നു പെട്ടത്. ഭ്രാന്തന് കുഞ്ഞു മുഹമ്മദ് എന്ന് പേര് നൽകുന്നതിന് പകരം മുഹമ്മദ് എന്ന പേരിട്ടത് വിനയായി. വർഗീയവാദികൾക്ക് ഇതിനെ പ്രവാചകനിന്ദയാക്കി വ്യാഖ്യാനിച്ചെടുക്കാൻ അധികം നേരം വേണ്ടി വന്നില്ല. ഇന്ത്യാ വിഷൻ തുടങ്ങിയ ചാനലുകൾ തങ്ങളുടെ റേറ്റിംഗ് കൂട്ടാനുള്ള സുവർണ്ണാവസരവും ഇതിൽ കണ്ടു.
പിന്നീട് ജോസഫ് സാർ നേരിട്ടത് എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ഒറ്റപ്പെടുത്തലാണ്. മന്ത്രിസഭയിലെ മാർക്‌സിസ്റ്റ് വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി തുടങ്ങി ഇങ്ങു താഴേക്കുള്ള അധ്യയന വൃത്തങ്ങളിൽ നിന്ന് പഴിചാരൽ സഹിക്കേണ്ടിവന്നു. സർവകലാശാല ഈ സ്ഫോടകാത്മക സംഭവത്തിൽ നിന്ന് കൈ കഴുകാനുള്ള തിടുക്കത്തിൽ അത് അദ്ദേഹിന്റെ കൈപ്പിഴവാണെന്ന് ഊന്നിപ്പറഞ്ഞു. മതത്തിനു മുന്നിൽ രാഷ്ട്രീയക്കാർ നട്ടെല്ലില്ലാത്തവർ ആകുന്നതിൽ ഒട്ടും അതിശയിക്കാനില്ല ശരിയാണ്, എന്നാൽ അതിലും വിസ്മയകരമാണ് വിവിധ മതങ്ങൾ തമ്മിലുള്ള രഹസ്യ ധാരണ. ഇസ്ലാം മതത്തിനെ പ്രൊഫസ്സർ ജോസഫ് നിന്ദിച്ചു എന്ന് അതിന്റെ ചില തീവ്ര വക്താക്കൾ ഉറപ്പിച്ചപ്പോൾ അതിലേറെ ഇക്കാര്യത്തിൽ ഉറപ്പായിരുന്നു അദ്ദേഹത്തിന്റെ തന്റെ സ്വന്തം മതക്കാർക്ക്. 24 വർഷം തങ്ങളുടെ സ്ഥാപനത്തിൽ പഠിപ്പിച്ച പ്രൊഫസ്സറെ വിദ്യാർത്ഥികൾക്കിടയിൽ പോലും ഒറ്റപ്പെടുത്താൻ ക്രൈസ്തവ സഭ തിടുക്കം കാട്ടി. അദ്ദേഹത്തിന്റ മകനെയും പോലീസ് പീഡിപ്പിച്ച് ചോദ്യം ചെയ്‌തു.
2010 ജൂലായ് 4ന് പള്ളിയിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞ് കാറിൽ മടങ്ങുമ്പോൾ അമ്മയുടെയും സഹോദരിയുടെയും മകന്റെയും കൺമുന്നിൽ വച്ച് മതഭ്രാന്തന്മാരുടെ ഒരു വലിയ സംഘം പ്രൊഫസ്സർ ടി. ജെ. ജോസഫിനെ വെട്ടി. ആ ഭീകര അനുഭവം വിശദമായിത്തന്നെ ആത്മകഥയിൽ അദ്ദേഹം വിവരിക്കുന്നു. വണ്ടിയിൽ നിന്നും പുറത്ത് വലിച്ചിട്ട ശേഷം കോടാലി കൊണ്ട് പലവുരു വെട്ടുകയും ഒടുവിൽ വലത്തേ കൈപ്പത്തി വെട്ടി മാറ്റുകയും ചെയ്തു. നടുക്കത്തോടെയും രോഷത്തോടെയും കൂടിയല്ലാതെ ഈ അദ്ധ്യായം നമ്മൾക്ക് വായിക്കാനാവില്ല. പിന്നീട് അറസ്റ്റിലായ പ്രതികൾ കോടതിയിൽ നിന്ന് ശിക്ഷാവിധി കേട്ടിട്ട് വരുന്ന ചിത്രം പത്രത്തിൽ കണ്ടത് പലരും ഓർക്കും. സന്തോഷിച്ച് ചിരിക്കുകയാണവർ എന്ന് പറഞ്ഞാൽ ഈ ആഗോള ഭീകരതയുടെ യഥാർത്ഥ ചിത്രം പൂർണ്ണമാകും.
ഇത്തരം ദുരന്തം ഒരു വ്യക്തിക്ക് സംഭവിക്കുമ്പോൾ ക്രിസ്തുവിനെയും കാരുണ്യത്തിന്റെയും ജപം സദാ ഉരുവിട്ട് കൊണ്ടിരിക്കുന്ന സഭ തങ്ങളുടെ ജീവനക്കാരനായ അയാൾക്ക് സഹായഹസ്‌തം നീട്ടിയെന്ന് കരുതിയെങ്കിൽ തെറ്റ്. നിലനിൽപ്പാണല്ലോ എല്ലാവർക്കും മുഖ്യം. വ്രണിതനായ പ്രൊഫസറെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. അറുത്തു മാറ്റിയ കൈ ശസ്ത്രക്രിയയിലൂടെ തുന്നി ചേർത്ത ജോസഫ് ക്രമേണ ഇടത് കൈ കൊണ്ട് എഴുതാൻ പഠിച്ചു. കാർ ഓടിക്കാനും കെൽപ്പ് നേടി. അഭിമുഖങ്ങളിലും മറ്റും സദാ പ്രസന്നവതിയായി കാണപ്പെട്ടിരുന്ന ഭാര്യ സലോമി പക്ഷെ ഗഹനമായ വിഷാദത്തിലേക്ക് വഴുതി വീഴുകയായിരുന്നു. ആത്മഹത്യാ പ്രവണത തടയാൻ കുടുംബങ്ങൾ പരമാവധി ശ്രമിച്ചെങ്കിലും ഒടുവിൽ ആ നാല്പത്തെട്ടുകാരി കുളിമുറിയിൽ തന്റെ ജീവനൊടുക്കി. വിരമിക്കലിന് ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ 2014 ൽ പ്രൊഫസറുടെ സസ്പെൻഷൻ കോളേജ് പിൻവലിച്ചു. പ്രൊഫസർ കോളേജിൽ എത്തുന്ന ദിവസം വകുപ്പിന് അവധി കൊടുക്കാനും അവർ പ്രത്യേകം ശ്രദ്ധിച്ചു.
ചെയ്യാത്ത തെറ്റിന്റെ പേരിൽ തകർന്ന ജീവിതത്തിന്റെ കഷണങ്ങൾ പെറുക്കിയെടുക്കുകയാണ് ടി. ജെ. ജോസഫ് എന്ന 62 കാരനിന്ന്. നമ്മുടെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന മതാന്ധതയുടെ, അസഹിഷ്ണുതയുടെ, രാഷ്ട്രീയ മുതലെടുപ്പിന്റെയൊക്കെ അടിക്കുറിപ്പ് പോലെ അറ്റുപോകാത്ത ഓർമ്മകൾ എന്ന ഈ ഗ്രന്ഥം നിലകൊള്ളുന്നു. നമ്മുടെ മനഃസാക്ഷിയെ പിടിച്ചുലയ്ക്കാൻ പോന്നതാണ് ഇതിലെ പ്രതിപാദ്യ വിഷയം. ഇത് നമ്മിൽ യുക്തിക്കും പുതിയ ചിന്തയ്ക്കും വഴിയൊരുക്കിയാൽ പ്രൊഫസർ അനുഭവിച്ച ക്ലേശങ്ങൾക്ക് അൽപ്പമെങ്കിലും നഷ്ടപരിഹാരമായേക്കും എന്ന് കരുതാം.