Thursday, November 21, 2024 03:42 PM
Yesnews Logo
Home Religion

ദേവസഹായം പിള്ള വിശുദ്ധപദവിയിലേക്ക്

News Desk . Feb 23, 2020
deva-pillai-to-the-holy-see
Religion


രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധപദവിയിലേക്ക്. അദ്ദേഹത്തിന്റെ മധ്യസ്ഥതയില്‍ നടന്ന അദ്ഭുതം ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥിരീകരിച്ചു. 1712 ഏപ്രില്‍ 23നു തമിഴ്‌നാട്ടിലെ നട്ടാലം എന്ന ഗ്രാമത്തില്‍ ഹൈന്ദവകുടുംബത്തില്‍ ജനിച്ച നീലകണ്ഠപിള്ള എന്ന ദേവസഹായം പിള്ള 1745ല്‍ ക്രിസ്തുമതം സ്വീകരിച്ചു. ലാസര്‍ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്. 

എന്നാല്‍ തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ ഉന്നതപദവി അലങ്കരിച്ചിരുന്ന നീലകണ്ഠപിള്ളയുടെ മതംമാറ്റം വലിയ വിവാദമായി. രാജ്യദ്രോഹം, ചാരവൃത്തി എന്നീ തെറ്റായ ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടു. രാജകീയ പദവിയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. അദ്ദേഹത്തെ തടവിലാക്കുകയും കഠിനമായ പീഡനത്തിന് വിധേയനാക്കുകയും ചെയ്തു. ഏഴുവര്‍ഷം ക്രിസ്ത്യാനിയായി ജീവിച്ച ദേവസഹായം പിള്ള 1752 ജനുവരി 14ന് നിരുനല്‍വേലിക്കടുത്തുള്ള കാറ്റാടിമലയില്‍ വച്ച് വിശ്വാസത്തിനു വേണ്ടി വെടിയേറ്റു മരിച്ചു. 2012 ഡിസംബര്‍ രണ്ടിന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി.

അദ്ദേഹത്തിന്റെ ജീവിതവും രക്തസാക്ഷിത്വവുമായി ബന്ധമുള്ള സ്ഥലങ്ങള്‍ കന്യാകുമാരി ജില്ലയിലെ കോട്ടാര്‍ രൂപതയിലാണ്. നാഗര്‍കോവിലിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രലിലെ അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ എന്നും ആയിരക്കണക്കിന് വിശ്വാസികളാണ് പ്രാര്‍ഥനയര്‍പ്പിക്കുന്നത്. ജനുവരി 14നാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ തിരുനാളായി സഭ ആചരിക്കുന്നത്.
 

Write a comment
News Category