ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. ഇത്തവണ പൊങ്കാലയ്ക്കായി നാല്പത് ലക്ഷത്തിലധികം സ്ത്രീകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുംഭപൗര്‍ണമി ദിനമായ നാളെ രാവിലെ 10.20 നാണ് പൊങ്കാല ചടങ്ങുകള്‍ തുടങ്ങുന്നത്. ഭക്തരുടെ ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനാണ് വിരാമമാകുന്നത്.
സര്‍വാഭരണ വിഭൂഷിതയായ ആറ്റുകാലമ്മയെ ഒരു നോക്ക് കാണാനുള്ള ആഗ്രഹത്താല്‍ ദൂരെ ദിക്കുകളില്‍ നിന്ന് വരെ നിരവധി പേരാണ് ആറ്റുകാലിലേക്ക് എത്തുന്നത്. നാളെ രാവിലെ 9.45 ന് ശുദ്ധപുണ്യാഹ ചടങ്ങുകള്‍ക്ക് ശേഷമാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കുന്നത്. ക്ഷേത്രത്തിന് മുന്നില്‍ നിന്നും തോറ്റംപാട്ടുകാര്‍ കണ്ണകി ചരിതത്തില്‍ പണ്ഡ്യരാജവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിഞ്ഞാലുടന്‍ തന്ത്രി ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തിക്ക് കൈമാറും.
മേല്‍ശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ച ശേഷം അതേ ദീപം സഹമേല്‍ശാന്തിക്ക് കൈമാറും. സഹമേല്‍ശാന്തി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്‍വശത്ത് ഒരുക്കിയിട്ടുള്ള പൊങ്കാല അടുപ്പിലും തീ പകരും. തുടര്‍ന്ന് ദീപം പൊങ്കാല അടുപ്പുകളിലേക്ക് കൈമാറുന്നതോടെ നഗരം ഒരു യാഗശാലയായി മാറും. ഉച്ചയ്ക്ക് 2.10 നാണ് പൊങ്കാല നിവേദ്യം. ദേവി ദര്‍ശനത്തിനായി ഒഴുകി എത്തുന്ന ഭക്തരാല്‍ വലിയ തിരക്കാണ് ആറ്റുകാലിലിലും പരിസരത്തും അനുഭവപ്പെടുന്നത്.