ഐ ലീഗിൽ ജയം തേടി ഏഴാം മത്സരത്തിൽ ഗോകുലം കേരള എഫ് സി മണിപ്പൂർ ക്ലബായ ട്രാവു എഫ് സിയെ ശനിയാഴ്ച നേരിടും. പുതുതായി പണി കഴിപ്പിച്ച കെ ബി കെ സ്റ്റേഡിയത്തിലാണ് മത്സരം.
കഴിഞ്ഞ മത്സരത്തിൽ മുഹമ്മദൻസ് ക്ലബ്ബിനോട് തോൽവിയറിഞ്ഞ ഗോകുലത്തിനു മത്സരം വളരെയധികം പ്രാധാന്യം ഉള്ളതാണ്. ആറു കളികളിൽ നിന്നും ഏഴു പോയിന്റ് ഉള്ള ഗോകുലം ഒമ്പതാം സ്ഥാനത്താണുള്ളത്. അതേസമയം ട്രാവു ഏഴു കളികളിൽ നിന്നും പത്തു പോയിന്റ് നേടി മൂന്നാം സ്ഥാനത്താണുള്ളത്.
“ഫസ്റ്റ് റൗണ്ടിൽ തന്നെ ഒന്നാമത് എത്തുവാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത്. അതിനു ഇനി ബാക്കി ഉള്ള നാല് കളികളും ജയിക്കണം. എല്ലാ കളിക്കാരും നല്ല ആത്മവിശ്വാസത്തിലാണുള്ളത്. വിജയിക്കാവുന്ന മത്സരങ്ങളാണ് എല്ലാം,” ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ് പറഞ്ഞു.
“നമ്മുടെ കോച്ച് പുതിയ ഒരു സിസ്റ്റമാണ് ഗോകുലത്തിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഞങ്ങൾ ഇത് വരെ കളിച്ചതിൽ വളരെയേറെ വ്യത്യസ്തത ഉള്ള രീതിയിൽ ആണ് കളിക്കുന്നത്. ഇപ്പോൾ കളിക്കാർക്കെല്ലാം ഈ സിസ്റ്റം മനസ്സിലായിട്ടുണ്ട്. അത് കൊണ്ട് തന്നെ ഞങ്ങൾ വിജയിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്,” ഗോകുലം ഗോൾ കീപ്പർ സി കെ ഉബൈദ് പറഞ്ഞു.