Thursday, November 21, 2024 02:36 PM
Yesnews Logo
Home News

കോൺഗ്രസ്സും ഇടതുപാർട്ടികളും ഇരട്ടകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; കേരളത്തിൽ രാഷ്ട്രീയ കാലാവസ്ഥ മാറുന്നുവെന്ന് മോദി;ആവേശ കടലായി മോദിയുടെ പ്രചാരണം

Arjun Marthandan . Apr 02, 2021
pm-modi-in-kerala-participated-konni-and-tvm-meettings-attack-ldf-and-udf
News

കോൺഗ്രസ്സും ഇടതു പാർട്ടികളും ഇരട്ടകളെന്ന്  പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുവരും ലയിച്ച് ഒറ്റ പാർട്ടിയാകുന്നതാണ് അഭികാമ്യമെന്നു പ്രധാനമന്ത്രി പറഞ്ഞു. കോമ്രേഡ് കോൺഗ്രസ് പാർട്ടി എന്ന് പേരും മാറ്റാം. ഇരു മുന്നണികളും കേരളത്തിന്റെ  വികസനത്തെ പിന്നോക്കം വലിക്കയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. 

വികസനത്തിന് കാല വിളംബമുണ്ടാക്കുന്ന മുന്നണികളാണ് കേരളത്തിൽ മാറി മാറി ഭരിക്കുന്നതെന്നു കഴക്കൂട്ടത്ത്  തെരെഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംബന്ധിക്കവെ പ്രധാനമന്ത്രി പറഞ്ഞു.വൻ ജനക്കൂട്ടമാണ് പ്രധാനമന്ത്രിയുടെ യോഗത്തിൽ പങ്കെടുത്തത്.കേരളത്തിന് വേണ്ടതു എൻ.ഡി.എ മോഡൽ വികസനമാണ്.കാലവിളംബം വരുത്തുന്ന വികസനത്തിന് ഇനി സ്ഥാനമില്ല.മെട്രോമാൻ ഇ.ശ്രീധരൻ എൻ.ഡി. എയുടെ വികസന കാഴ്ച്ചപ്പാടിന്റെ മുഖ മുദ്രയാണ്.

സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി വികസനത്തിൽ  കുതിച്ചു ചാട്ടം ഉണ്ടാക്കാനാണ് എൻ.ഡി.എ ശ്രമിക്കുന്നത്. അതി വേഗ ഇന്റർനെറ്റ് സംവിധാനങ്ങൾ കേന്ദ്ര സർക്കാർ ഗ്രാമ ഗ്രാമാന്തരങ്ങളിൽ വരെ എത്തിച്ചു കൊണ്ടിരിക്കയാണ്. മൽസ്യത്തൊഴിലാളികൾക്കു നൂതന വാർത്ത വിനിമയ സംവിധാനങ്ങളും മൽസ്യ  ബന്ധനത്തിന് ഉപയോഗപ്പെടുത്താനും  സഹായിക്കും.മൽസ്യ ബന്ധന മേഖലയുടെ പുരോഗതിക്കു ആക്കം കൂട്ടുന്ന പദ്ധതിക്കുകൾ ഉടൻ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകി.നമ്പി നാരായണനെ തകർത്തത് കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കാണെന്നു പ്രധാനമന്ത്രി  സൂചിപ്പിച്ചു.തിരുവനന്തപുരത്തെ എല്ലാ എൻ.ഡി.എ സ്ഥാനാർത്ഥികളും സദസ്സിൽ ഹാജരായിരുന്നു. അടുത്ത 25 വര്ഷം രാജ്യത്തെ സംബന്ധിച്ച് നിർണ്ണായകമാണ്.എൻ.ഡി.എ ക്കു  കേരളത്തിൽ ഒരവസരം നല്കാൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

കോന്നിയിൽ ആവേശമായി പ്രധാനമന്ത്രി ; സംസ്കാര പാരമ്പര്യത്തെ തകർക്കുന്നവരാണ് കമ്യൂണിസ്റ്റുകളെന്നു മോദിയുടെ വിമർശനം 

അയ്യപ്പ ശരണം വിളിയോടെ  കോന്നിയിൽ തടിച്ചു കൂടിയ ലക്ഷക്കണക്കിനാളുകളെ ആവേശം കൊള്ളിച്ചാണ് മോദി കോന്നിയിൽ പ്രചരണം തുടങ്ങിയത്. അയ്യപ്പ ഭഗവാന്റെ കർമ്മ ഭൂമിയെ തകർക്കാൻ കമ്യൂണിസ്റ്റുകൾ  ശ്രമിച്ചു. സംസ്കാര  പൈതൃകങ്ങൾ നശിപ്പിക്കലും തകർക്കലുമാണ് കമ്മ്യൂണിസ്റ്റുകൾ  ലോകമെങ്ങും ചെയ്യുന്നത്.അതവർ കേരളത്തിലും ചെയ്യുകയാണ്.കാലഹരണപ്പെട്ട ലോക രാജ്യങ്ങൾ ഉപേക്ഷിച്ച തത്വ ശാസ്ത്രമാണ് കമ്മ്യുണിസം. അയ്യപ്പ ഭക്തരെ ക്രിമിനലുകളായാണ് ഇടതു സർക്കാർ നേരിട്ടത്. കമ്മ്യൂണിസം  കാട്ടു തീയാണ്.  എല്ലാം നശിപ്പിക്കുന്ന തീയാണത്. ഭാരത സംസ്കാരത്തെ തകർക്കാനുള്ള കമ്യുണിസ്റ്റ്  ഗൂഢാലോചന ഇവിടെ നടക്കില്ലെന്നു മോദി പറഞ്ഞു. 

കോന്നിയിലെ സ്ഥാനാർഥി കെ.സുരേന്ദ്രൻ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു. പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥികൾ വേദിയിൽ അണി നിരന്നു. പതിനായിരങ്ങളാണ് മോദിയെ കാണാൻ കോന്നിയിലേക്ക്   ഒഴുകിയെത്തിയത്. 

Write a comment
News Category