ഇസ്രയേലിലെ അഷ്കലോണിൽ പലസ്തീൻ ഭീകര സംഘടനയായ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് സൗമ്യ സന്തോഷിൻ്റെ കുടുംബം കേന്ദ്രമന്ത്രി വി.മുരളീധരൻ്റെ സഹായം തേടി. ഇസ്രയേലിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം സൗമ്യയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇസ്രയേലിലെ അഷ്ക ലോണിൽ ഭീകര സംഘടനയായ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് (32) കൊല്ലപ്പെട്ടത്.. ഇവിടെ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് സന്തോഷുമായി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ഷെല്ലുകൾ കെട്ടിടത്തിലേക്ക് പതിച്ചത്. സൗമ്യ കെയർ ടേക്കറായി ജോലി ചെയ്തിരുന്ന അഷ്കലോണിലെ താമസസ്ഥലത്ത് ഹമാസിൻ്റെ തുടരെയുള്ള ഷെല്ലുകൾ പതിക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ കെട്ടിടം ചിന്നി ചിതറി. ആക്രമണത്തിൽ സൗമ്യ പരിചരിച്ചിരുന്ന ഇസ്രായേൽ വനിതയും മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ഇസ്രായേലിൽ ആദ്യമായാണ് ഷെൽ ആക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെടുന്നത്. കഴിഞ്ഞ 7 വർഷമായി ഇസ്രായേലിൽ ജോലി ചെയ്യുന്ന സൗമ്യ രണ്ട് വർഷം മുൻപാണ് ഏറ്റവുമൊടുവിൽ നാട്ടിൽ വന്ന് മടങ്ങിയത്. സൗമ്യയുടെ മരണത്തോടെ ഇസ്രായേലിലെ മലയാളി സമൂഹം ആശങ്കയിലാണ്.
ഇസ്രായേലിൽ പതിനായിരത്തോളം മലയാളികൾ
ഇസ്രായേലിൽ ഏതാണ്ട് പതിനായിരത്തോളം മലയാളികൾ ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്.ബഹു ഭൂരിപക്ഷവും നഴ്സുമാരും കെയർ ടേക്കർമാരുമാണ്. ഫാമിലി വിസ അനുവദിക്കാത്തത് കൊണ്ട് എല്ലാവരും ഒറ്റക്കാണ് താമസിക്കുന്നത്. ഇന്ത്യക്കാരെ കരുതലോടെ കാണുന്ന ഇസ്രായേൽ സർക്കാർ സൗമ്യയുടെ മരണത്തിൽ ഖേദം രേഖപ്പെടുത്തിയിട്ടുണ്ട്.