മധ്യകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ശക്തമായ ടൗട്ടെ ചുഴലിക്കാറ്റ് അതിശക്ത ചുഴലിക്കാറ്റായി മാറി. ഗോവൻ തീരത്തേക്ക് നീങ്ങിയതിനെ തുടർന്ന് അഞ്ചോളം സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലായി. അടുത്ത 12 മണിക്കൂറിൽ അതിശക്ത ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ ഓറഞ്ച് , യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം.
വടക്കൻ ജില്ലകളായ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടൽക്ഷോഭവും വരും മണിക്കൂറുകളിലും തുടരും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 09 കിമീ വേഗതയിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് ടൗട്ടെ മെയ് 16 ന് രാവിലെ 02.30 ന് മധ്യകിഴക്കൻ അറബിക്കടലിൽ 14.7 ° N അക്ഷാംശത്തിലും 72.7° E രേഖാംശത്തിലും എത്തി. ഗോവയിലെ പാനജിം തീരത്ത് നിന്ന് ഏകദേശം 150 കിമീ തെക്കു പടിഞ്ഞാറും, മുംബൈ തീരത്തുനിന്ന് 490 കിമീ തെക്കു മാറിയും, തെക്കു-തെക്കു കിഴക്കു ദിശയിൽ വെറാവൽ (ഗുജറാത്ത് ) തീരത്തു നിന്ന് 730 കിമീയും പാക്കിസ്ഥനിലെ കറാച്ചിയിൽ നിന്നും 870 കിമീ തെക്കു-തെക്കു കിഴക്കു ദിശയിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്.
ശക്തിപ്രാപിച്ച അതിശക്ത ചുഴലിക്കാറ്റ് വടക്ക്, വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മെയ് 17 വൈകുന്നേരത്തോടു കൂടി ഗുജറാത്ത് തീരത്ത് എത്തും. മെയ് 18 അതിരാവിലെയോടെ ഗുജറാത്തിലെ പോർബന്ദർ, നലിയ തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നാണ് വിലയിരുത്തപ്പടുന്നത്.
സംസ്ഥാനത്ത് മഴ തുടരുന്നു
സംസ്ഥാനത്ത മിക്ക ജില്ലകളിലും കനത്ത മഴ തുടരുകയാണ്.തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശൂർ, കണ്ണൂർ, വയനാട് ,കാസർഗോഡ്, ജില്ലകളിൽ കനത്ത മഴയാണ്. കടലോര പ്രദേശങ്ങളിൽ കടൽ ക്ഷോഭം രൂക്ഷവുമാണ്.