കേരളത്തിലെ റിപ്പോർട്ടു ചെയ്യപ്പെട്ട ഏറ്റവും വലിയ ബാങ്ക് കുംഭകോണത്തിൽ സി.പി.എം പ്രതിസന്ധിയിൽ. സഹകരണ ബാങ്കുകളെ പാർട്ടി താല്പര്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് ആരോപണം നില നിൽക്കെ കരുവന്നൂരിൽ നടന്ന കുംഭകോണത്തിൽ സി.പി.എം നേതാക്കൾക്ക് മുൻകൂട്ടി വിവരം ലഭിച്ചിട്ടും നടപടി എടുക്കാതിരുന്നതാണ് പാർട്ടിയെ പ്രതികൂട്ടിൽ നിർത്തുന്നത്.
ബാങ്കിൽ വ്യാപക ക്രമക്കേട് നടക്കുന്നതായി മുൻ ജില്ല സെക്രട്ടറിമാർക്ക് വിവരം ലഭിച്ചിട്ടും ഒരു ചെറുവിരൽ പോലും അനക്കിയില്ല.നിക്ഷേപകരെ പറ്റിച്ച് നേടിയ കോടികൾ റിയൽ എസ്റ്റേറ്റിലും റിസോർട്ട്-സൂപ്പർ ബസാറിലുമൊക്കെ നിക്ഷേപിച്ചതും പാർട്ടി അറിവോടെ തന്നെയാണ്. ഇനി അറിയേണ്ടത് ഏതൊക്കെ പാർട്ടി നേതാക്കൾക്ക് കരുവന്നൂർ കുംഭകോണത്തിന്റെ ഗുണം ലഭിച്ചുവെന്നാണ്. മുൻ മന്ത്രി മൊയ്തീൻ ഉൾപ്പെടെയുള്ളവരുടെ പേരുകൾ ആരോപണനിരയിലുണ്ട്. മൊയ്തീൻ ഇത് നിഷേധിച്ചെങ്കിലും കരുവന്നൂരിൽ പാർട്ടിയുടെ പിന്തുണയോ അറിവോ ഉണ്ടെന്ന് സംശയം ബലപ്പെടുകയാണ്.
പന്ത്രണ്ടോളം കമ്പനികളിലാണ് കുംഭകോണത്തിൽ ഉൾപ്പെട്ട പ്രതികൾ നിക്ഷേപം ഇറക്കിയിട്ടുള്ളത്. സൂപ്പർബസാറുകൾ നടത്തുന്ന കമ്പനികൾ തന്നെ സംശയത്തിന്റെ നിഴലിലാണ്. ഭാര്യമാരുടെയും അടുത്ത ബന്ധുക്കളെയും മാത്രം ഉൾപ്പെടുത്തിയാണ് കമ്പനികൾ രുപീകരിച്ചിട്ടുള്ളത്. അതായത് സ്വകാര്യ ഉടമസ്ഥതയിലാണ് സൂപ്പർബസാറുകൾ നടത്തുന്നത്.നേരത്തെ പാർട്ടി അറിയിച്ചത് ഇത് കരുവന്നൂർ ബാങ്കിന്റെ ഉടമസ്ഥതയിലാണ് സൂപ്പർബസാറുകൾ നടത്തുന്നതെന്നാണ്
കരുവന്നൂർ ബാങ്ക് പ്രശ്നം ചർച്ച ചെയ്യാൻ സി.പി.എം ജില്ലാ കമ്മിറ്റി ഇന്ന് വിളിച്ചു ചേർത്തിട്ടുണ്ട്. കുംഭകോണത്തിൽ ഉൾപ്പെട്ട പാർട്ടിക്കാർക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നത് ഉൾപ്പെടെ വിഷയങ്ങൾ സി.പി.എം യോഗം ചർച്ച ചെയ്യും.