ഒരു പ്രതിമ നിർമ്മിച്ചതിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശിയ്ക്കപ്പെട്ട വ്യക്തിയായിരിയ്ക്കാം പ്രധാനമന്ത്രി നരേന്ദ്ര മോദി. 2018 ൽ ഗുജറാത്തിലെ നർമ്മദാ ജില്ലയിലെ കെവാദിയാ എന്ന ഗ്രാമത്തിൽ ആണ് ഇന്ത്യയുടെ ഉരുക്കു മനുഷ്യനും ആദ്യത്തെസ്വതന്ത്ര ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയുമായിരുന്ന സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി അനാച്‌ഛാദനം ചെയ്തത്. ഏകദേശം മൂവായിരം കോടിയായിരുന്നു നിർമാണച്ചെലവ്. അതോടെ പ്രതിമ നിർമ്മിച്ചാൽ പട്ടിണി മാറുമോ ? ആ പണം എത്രയോ പാവങ്ങൾക്ക് വിതരണം ചെയ്യാമായിരുന്നു തുടങ്ങിയ പതിവ് ചോദ്യങ്ങൾ ഉയർന്നു . രാജ്യം കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയിലായപ്പോൾ നേരിട്ട ഓക്സിജൻ ക്ഷാമത്തിനും പ്രതിമയും മോദിയും പഴി കേട്ടു. പ്രതിമ ഓക്സിജൻ തരുമോ? പ്രതിമയുണ്ടാക്കിയ നേരത്തു എത്രയോ ഓക്സിജൻ നിർമ്മാണ യൂണിറ്റുകൾ തുടങ്ങാമായിരുന്നു എന്ന രീതിയിൽ വിമർശനങ്ങളും പരിഹാസങ്ങളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു .
പ്രതിമ പട്ടിണിയും മാറ്റും ഓക്സിജനും തരുമെന്ന് സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന ഏകതാ പ്രതിമ തെളിയിയ്ക്കുന്നു. പ്രതിമ നിർമ്മിയ്‌ക്കേണ്ടത് പോലെ നിർമ്മിച്ചാൽ, നടത്തേണ്ടത് പോലെ നടത്തിയാൽ , ദീർഘദർശനവും കാഴ്ചപ്പാടും ഉണ്ടെങ്കിൽ പ്രതിമയ്ക്ക് ഒരു പാട് മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നു പറയുന്നു പട്ടേൽ പ്രതിമ.
സർദാർ പട്ടേലിനായി സ്മാരകം
ചരിത്രത്തിന്റെ ചവറ്റു കുട്ടയിൽ എറിയപ്പെട്ട മഹാന്മാരായ പല നേതാക്കളുടെയും പട്ടികയിൽ ആദ്യത്തെ പേരായിരുന്നു പട്ടേലിന്റേതു. ഗുജറാത്തിയായിരുന്നു സർദാർ പട്ടേൽ . ദേശീയവാദിയായിരുന്ന പട്ടേലായിരുന്നു ഇന്ത്യ എന്ന രാജ്യത്തിന് ഏകീകൃത രൂപം നൽകിയത് . അദ്ദേത്തിന്റെ പേരിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ, സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന പ്രതിമ നിർമ്മിയ്ക്കുക എന്ന ആശയം രൂപപ്പെട്ടത് 2010 ൽ ആയിരുന്നു . ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ ആശയമായിരുന്നു അത് . 2013 ൽ അദ്ദേഹം അതിനു തറക്കല്ലിട്ടു . റെക്കോർഡ് വേഗതയിലാണ് പ്രതിമ നിർമ്മാണം പൂർത്തിയായത് . രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും നിന്ന് കർഷകരുടെ പഴയ പണിയായുധങ്ങൾ ശേഖരിച്ചു ആ ഇരുമ്പു ഉരുക്കി പ്രോസസ്സ് ചെയ്താണ് പ്രതിമ നിർമ്മാണത്തിനാവശ്യമായ ഇരുമ്പു കണ്ടെത്തിയത് . 135 മെട്രിക് ടൺ ഇരുമ്പാണ് അങ്ങനെ ശേഖരിച്ചത് .ഇതുപയോഗിച്ചാണ് പ്രതിമയുടെ അടിത്തറ നിർമ്മിച്ചിരിക്കുന്നത് .182 മീറ്റർ ആണ് പ്രതിമയുടെ ഉയരം . ഗുജറാത്ത് നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 182 ആണ്. അതിനു സമാനമായാണ് പ്രതിമയുടെ ഉയരം 182 മീറ്റർ എന്ന് നിശ്ചയിച്ചത് നർമ്മദാ നദിയിലെ കല്ലുകളും പാറയും നിറഞ്ഞ സാധുബീത് ഒരു കൊച്ചു ദ്വീപിലാണ് പ്രതിമ. പ്രതിമയുൾപ്പെടുന്ന പ്രദേശം ഏകദേശം 4 .9 ഏക്കറാണ് . ഇതിനു ചുറ്റും പന്ത്രണ്ടു കിലോ മീറ്റർ നീളത്തിൽ ഒരു കൃത്രിമ തടാകവും ബോട്ടിങ്ങും ഉണ്ട്. .
പ്രതിമയുടെ അടിത്തറയുൾപ്പെടെ ഉയരം 240 മീറ്ററാണ് . പ്രതിമയുടെ മാത്രം ഉയരം 182 മീറ്റർ.പ്രതിമയുടെ ഉള്ളിൽ കടന്നാൽ മ്യൂസിയവും ലൈബ്രറിയും ഡോക്യുമെന്ററി സ്‌ക്രീനിങ്ങുമുൾപ്പെടയുള്ള സൗകര്യങ്ങൾ . പ്രതിമയുടെ നെഞ്ചുവരെ പോകാൻ ലിഫ്റ്റുണ്ട് . 150 അടി ഉയരത്തിൽ പ്രതിമയുടെ തോൾ ഭാഗത്ത് വൃത്താകൃതയിൽ നിർമ്മിച്ചിരിക്കുന്ന ബാൽക്കണിയിൽ നിന്നുള്ള കാഴ്ച അതി മനോഹരം . ലിഫ്റ്റിൽ 150 മീറ്റർ ഉയരത്തിലെത്താം . പ്രതിമയുടെ ഇരു കാലുകളിലുമായി രണ്ടു ലിഫ്റ്റുകളാണുള്ളത് . ഒരേ സമയം 26 പേർക്ക് ഒരു ലിഫ്റ്റിൽ കയറാം . ഇത്രയും ബൃഹത്തായ എൻജിനീയറിങ് അത്ഭുതം പണി തീർത്തത് വെറും 57 മാസങ്ങൾ കൊണ്ടാണ് . അതിൽ നിർമ്മാണത്തിന് വേണ്ടി വന്നത് 45 മാസങ്ങൾ. ലാർസൺ & ടൂബ്രോ ആണ് നിർമ്മാണം നടത്തിയത്. ഗുജറാത്തി ശില്പിയായ റാം വി സുതർ പ്രതിമയുടെ ഡിസൈൻ നിർമ്മിച്ചത് . 180 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റിനെയും റിച്ചർ സ്കെയിലിൽ 6 . 5 വരെ രേഖപ്പെടുത്തുന്ന ഭൂകമ്പത്തെയും ചെറുക്കാൻ പര്യാപ്‌തമായ രീതിയിലാണ് നിർമ്മാണം
ഷാങ്ങ്ഹായ് കോർപോർഷൻ ഓർഗനൈസേഷൻ 8 അത്ഭുതങ്ങളുടെ പട്ടികയിൽ പട്ടേൽ പ്രതിമയെയും ഉൾപ്പെടുത്തി . ദിവസം ശരാശരി 15036 സന്ദർശകർ ഇവിടെയെത്തുന്നു എന്നാണ് കണക്ക് . പ്രതിമയുമായി ബന്ധപ്പെട്ടു നൂറുകണക്കിനേക്കർ പ്രദേശങ്ങളാണ് കാഴ്ചയ്ക്കു വിരുന്നൊരുക്കി മനോഹരമാക്കിയിരിക്കുന്നതു . കാക്ടസ് ഗാർഡനും വിശ്വ വനവും ഏകതാ നഴ്സറിയും വാലി ഓഫ് ഫ്ളവേഴ്സും ജംഗിൾ സഫാരിയും ലൈറ്റ് ആൻഡ് സൗണ്ട് ഷോയും ലോകത്തിലെ രണ്ടാമത്തെ വലിയ കോൺക്രീറ്റു അണക്കെട്ടായ സർദാർ സരോവർ അണക്കെട്ടുമുൾപ്പെടെ രണ്ടോ മൂന്നോ ദിവസം കണ്ടാലും തീരാത്ത കാഴ്ചകളുണ്ടിവിടെ . യാത്രക്കാർക്ക് സുഗമമായി ഓരോ കാഴ്ചകളും കണ്ടു സഞ്ചരിയ്ക്കാൻ ഇഷ്ടം പോലെ ബസുകളും ഉണ്ട് . വിശാലമായ പാർക്കിങ് സൗകര്യങ്ങളും ലഭ്യം. സൗരോജ്ജം പരമാവധി പ്രയോജനപ്പെടുത്തിയിരിക്കുന്നു .സഞ്ചാരികൾക്കു താമസിയ്ക്കാൻ ഹോട്ടലുകളും റിസോർട്ടുകളും സുലഭം. ഓരോ ഇഞ്ചു സ്ഥലത്തും പൂക്കളും ചെടികളും മരങ്ങളും.
അഹമ്മദാബാദിൽ നിന്ന് കെവാദിയാ എന്ന ഗ്രാമത്തിലേക്കു 200 കിലോമീറ്റർ ദൂരമുണ്ട് . പ്രതിമ നിർമ്മാണത്തിനൊപ്പം തന്നെ അവിടേക്കുള്ള ട്രെയിൻ ഗതാഗത്തിനും നടപടികൾ സ്വീകരിച്ചു . പുതുതായി ട്രാക്കുകൾ നിർമ്മിച്ചു . ഇന്ത്യൻ റെയിൽവേയുടെ പുതിയ പരീക്ഷണമായ വിസ്തഡോം കോച്ചുകളിൽ ഒന്ന് കെവാദിയയിലേക്കാണ് . രാജ്യത്തെ എട്ടു കേന്ദ്രങ്ങളെ കെവാദിയയുമായി ബന്ധിപ്പിയ്ക്കുന്ന നിരവധി ട്രെയിൻ സർവിസുകൾ ഈ അടുത്ത കാലത്തു ആരംഭിച്ചിട്ടുണ്ട്.കെവാദിയയിലെ റെയിൽവേ സ്റ്റേഷനും അതിമനോഹരം. വൃത്തിയും വെടിപ്പും സൗകര്യങ്ങളും എല്ലാം അന്തർദേശീയ നിലവാരത്തിൽ .
Kevadiya railway station
എന്തുകൊണ്ട് പട്ടേൽ പ്രതിമ ഒരു മാതൃകയാകുന്നു ?
പട്ടേൽ പ്രതിമയ്ക്കുള്ളിലെ മ്യൂസിയത്തിൽ `റിവർ ഈസ് പവർ' എന്ന് ഒരു ഫലകത്തിൽ എഴുതി വച്ചിട്ടുണ്ട് . നദികളുടെ ശക്തി മനസ്സിലാക്കിയവരായിരുന്നു ഭാരതമുൾപ്പെടയുള്ള പൗരാണിക നാഗരികതകൾ. നദീതീരങ്ങളിലായിരുന്നു പൗരാണിക നാഗരികതകളെല്ലാം തഴച്ചു വളർന്നത് . സൈന്ധവ നാഗരികത എത്രയോ വികസിതവും സമ്പന്നവുമായിരുന്നു എന്ന് തെളിഞ്ഞതാണ്. നദിയുടെ ശക്തിയെ പരമാവധി ഉപയോഗിച്ച് , പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് , സുസ്ഥിര വികസനവും ടൂറിസവും ജനങ്ങൾക്കും സർക്കാരിനും വരുമാനവും എങ്ങനെ ഉറപ്പാക്കാം എന്നാണ് കെവാദിയയിലെ പട്ടേൽ പ്രതിമ കാണിച്ചു തരുന്നത് .
പ്രതിമ നിർമ്മാണത്തിനും അനുബന്ധ വികസനത്തിനുമെതിരെ പ്രദേശത്തെ ആദിവാസികളെ ഇളക്കി വിട്ടുകൊണ്ട് പ്രതിഷേധങ്ങൾ നടന്നിരുന്നു . സർദാർ സരോവർ ഡാമിനെതിരെ പ്രക്ഷോഭങ്ങൾ നടത്തിയിരുന്ന നർമ്മദ ബചാവോ ആന്ദോളൻ പോലുള്ള സംഘടനകളായിരുന്നു പിന്നിൽ . നഷ്ടപരിഹാരം വാങ്ങി സ്ഥലം വിട്ടുകൊടുക്കാതിരിയ്കാൻ അവർ ആളുകളെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിയ്ക്കുയും വരെ ഉണ്ടായി . പദ്ധതി വരുന്നത് മൂലം ഒഴിഞ്ഞു പോകേണ്ടി വരുന്നവരുടെ എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതോടെ ആ തടസ്സങ്ങൾ നീങ്ങി . ആദിവാസി മേഖലയായ കെവാദിയയിലെ ആദിവാസികളെ പരിശീലിപ്പിച്ചു സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ വിവിധ ജോലികൾ നൽകി .
സർദാർ സരോവർ അണക്കെട്ട്
നിരവധി തടസ്സങ്ങൾ അതിജീവിച്ച് കെവാദിയയിലെ സർദാർ സരോവർ അണക്കെട്ടു പൂർത്തിയാക്കി തുറന്നു കൊടുത്ത് 2017 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നയായിരുന്നു . ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു തറക്കല്ലിട്ടു പദ്ധതിയുടെ ഉപജ്ഞാതാവ് സർദാർ പട്ടേൽ ആയിരുന്നു . 1989 ൽ നിർമ്മാണം ആരംഭിച്ചപ്പോൾ തന്നെ മേധാ പട്കറുടെ നേതൃത്വത്തിൽ നർമ്മദാ ബചാവോ ആന്ദോളൻ എന്ന സംഘടനാ പ്രക്ഷോഭവുമായി രംഗത്തിറങ്ങി . ഇന്ത്യയുടെ കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്ന പദ്ധതിയെ എതിർക്കാൻ ഇടതു ലിബറലുകൾ സന്നദ്ധ സംഘടനകളുമായി ഇറങ്ങിയത് അന്തർദേശീയ ശക്തികൾക്ക് വേണ്ടിയായിരുന്നു എന്ന ആരോപണം നേരത്തെ തന്നെ ഉണ്ട് . കെവാദിയാ ഗ്രാമത്തിലെ ഈ അണക്കെട്ടു ഇന്ന് ഗുജറാത്ത്, മഹാരഷ്ട്ര, രാജസ്ഥാൻ , മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ജലക്ഷാമം പരിഹരിയ്ക്കുന്നു . പതിനായിരക്കണക്കിന് ഏക്കർ സ്ഥലത്തു കൃഷിയ്ക്ക് ജലസേചനം ഉറപ്പാക്കുന്നു. ഗുജറാത്തിലെ വരണ്ടുണങ്ങിയ സൗരാഷ്ട്ര മേഖലയെ കാർഷിക സമൃദ്ധമാക്കി മാറ്റുന്നു നർമ്മദ. ജലസമൃദ്ധിയും കാർഷിക സമൃദ്ധിയും വൈദ്യുതിയും ടൂറിസവും സുസ്ഥിര വികസനവും നർമ്മദ നൽകുന്നു . നദി ശക്തിയാണ് . സർവ സംഹാരിണിയും സർവ്വം സഹയുമാണ്. പ്രകൃതിയെ ചൂഷണം ചെയ്യാതെ എന്നാൽ പ്രകൃതിയെ ഉപയോഗപ്പെടുത്തി മനുഷ്യന് എങ്ങനെ സമാധാനമായി, സൗകര്യമായി ജീവിയ്ക്കാം എന്ന് കാണിച്ചു തരുന്നതാണ് ഈ പദ്ധതികൾ . പ്രതിമ പട്ടിണി മാറ്റുന്നു, ഒപ്പം ഇഷ്ടം പോലെ ഓക്സിജനും നൽകുന്നു .
ഭാവനശേഷിയും ആത്മാർത്ഥതയും അർപ്പണബോധവുമുള്ള ഭരണാധികാരികൾ ഉണ്ടെങ്കിൽ കെവാദിയാ പോലെ ഒരു പക്ഷെ അതിനേക്കാൾ മനോഹരമാക്കാവുന്ന എത്രയോ പ്രദേശങ്ങൾ കേരളത്തിലുണ്ട് . പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതും ഏറെ പ്രധാനമാണ് . 2014 നിർമ്മാണം തുടങ്ങിയ പട്ടേൽ പ്രതിമ 2018 ൽ ഉത്ഘാടനം ചെയ്തു . സമയബന്ധിതമായി പൂർത്തിയാക്കിയാൽ മാത്രമേ ഏതു പദ്ധതിക്കും ഗുണമുണ്ടാകൂ എന്നതും കേരളം കണ്ടു മനസ്സിലാക്കേണ്ടതാണ് . ഈ അന്താരാഷ്ട്ര ടൂറിസം ദിനത്തിൽ ഹർത്താൽ പ്രഖ്യാപിച്ച മാതൃകയായവർ ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടി ഒന്ന് ചിന്തിച്ചാൽ നന്നായിരിക്കും.