പെരിയ ഇരട്ടക്കൊല കേസിൽ അഞ്ച് സിപിഎം പ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്തു. കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചതിനു ശേഷമുള്ള ആദ്യ അറസ്റ്റാണിത്. കൊലപാതകത്തിലെ ഗൂഢാലോചനയിൽ പ്രതികൾക്ക് പങ്കുണ്ടെന്നതടക്കമുള്ള വിവരങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ്. സിബിഐ ഡിവൈഎസ്പി അനന്ത കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
സുരേന്ദ്രൻ,ശാസ്ത മധു, റെജി വർഗീസ്, ഹരിപ്രസാദ്, രാജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ രാജു ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയാണ്. അറസ്റ്റിലായ മറ്റുള്ളവരും ഏച്ചിലടുക്കം ഭാഗത്തു നിന്നുള്ളവരാണ്. കാസര്‍കോട് ഗസ്റ്റ് ഹൗസിലെ സിബിഐ ക്യാമ്പ് ഓഫിസില്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. പ്രതികളെ നാളെ എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കും.പ്രതികൾക്ക് ആയുധങ്ങൾ എത്തിച്ചു നൽകിയത് റജി വർഗ്ഗീസാണ്. സുരേന്ദ്രൻ കൃപേഷിന്റെയും ശരത് ലാലിന്റെയും നീക്കങ്ങൾ സംബന്ധിച്ച് വിവരം കൈമാറി. ബ്രാഞ്ച് സെക്രട്ടറി രാജുവിനും കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കെന്ന് കണ്ടെത്തൽ.
കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത 14 പേർ അടക്കം ആകെ 19പേർ പ്രതികളായി. ഉദുമ മുൻ ഏരിയ സെക്രട്ടറി കെ.മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണൻ എന്നിവർ ജാമ്യത്തിലാണ് ഇതിനിടയിൽ, ഉദുമ മുൻ എം.എൽ.എ കെ.വി.കുഞ്ഞിരാമൻ, പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരെ ഇന്നു വീണ്ടും ചോദ്യംചെയ്തു.2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ, കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം റദ്ദാക്കിയത്.ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. കേസ് ഡയറി പരിശോധിക്കാതെ ഹര്‍ജിക്കാരുടെ വാദങ്ങള്‍ മാത്രം പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നായിരുന്നു സര്‍ക്കാര്‍ ഹർജിയില്‍ ചൂണ്ടിക്കാട്ടിയത്.
സി.പി.എം പങ്ക് പുറത്തായെന്ന കോൺഗ്രസ്സ്
പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം അട്ടിമറിക്കാനാണ് സർക്കാരും സി.പി.എമ്മും തുടക്കം മുതൽ ശ്രമിച്ചത്. അരുംകൊല ചെയ്യപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിന് പകരം കൊലയാളികളെ സംരക്ഷിക്കാനുളള ഹീനമായ നീക്കമാണ് സർക്കാർ നടത്തിയത്. സി.ബി.ഐ അന്വേഷണം തടയാൻ സാധാരണക്കാരന്റെ നികുതി പണത്തിൽ നിന്ന് ലക്ഷങ്ങൾ മുടക്കി സുപ്രീം കോടതി വരെ പോയി. സി.പി.എമ്മും സർക്കാരും ഭയപ്പട്ടതാണ് ഇപ്പോൾ സംഭവിച്ചത്. ബ്രാഞ്ച് സെക്രട്ടറി അടക്കം 5 പേരെയാണ് ഇന്ന് സിബിഐ അറസ്റ്റ് ചെയ്തത്. സി.പി.എം നേതൃത്വത്തിന്റെ അറിവോടെ നടത്തിയ കൊലപാതകമെന്ന് കോൺഗ്രസും യു.ഡി.എഫും പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു. കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കാൻ കോൺഗ്രസും യു.ഡി.എഫും ഏതറ്റം വരേയും പോകും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി