Tuesday, December 03, 2024 10:10 PM
Yesnews Logo
Home News

3 വര്‍ഷത്തിലേറെയുള്ള നിയമ പോരാട്ടം: 2,000 പേജുള്ള കുറ്റപത്രം: ഒടുവിൽ ബിഷപ്പ് നിരപരാധിയായി ; കത്തോലിക്കാ സഭക്ക് ആശ്വസമായ വിധി

News Desk . Jan 14, 2022
franco-bishop-acquitted-catholic-church-happy
News

ജലന്ധര്‍ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തനാണന്ന കോടതിയുടെ വിധിയ്ക്കു പിന്നാലെ ചര്‍ച്ചയാകുന്നത് നിയമ പോരാട്ടത്തിന്റെയും കുറ്റപത്രത്തിന്റെയും ദൈർഘ്യം . 2,000 പേജുള്ള കുറ്റപത്രത്തില്‍ അഞ്ചു ബിഷപ്പുമാര്‍, 11 വൈദികര്‍, 25 കന്യാസ്ത്രീകള്‍, ഏഴു മജിസ്‌ട്രേട്ടുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 89 സാക്ഷികളാണുണ്ടായിരുന്നത്. 10 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. ഏറ്റവും ശ്രദ്ധേയമായ വസ്തുത ഒരു സാക്ഷി പോലും കേസില്‍ കൂറുമാറിയില്ലായെന്നതാണ്. 3 വര്‍ഷത്തിലേറെയുള്ള നിയമ പോരാട്ടത്തിന് ഒടുവില്‍ നീതി ലഭിച്ചിരിക്കുമ്പോള്‍ കേസ് അപ്പീലിന്റെ ഏതറ്റം വരെ പോയാലും സത്യം നിലനില്‍ക്കുന്നതിനാല്‍ നീതി തങ്ങള്‍ക്ക് ഒപ്പമാണെന്നാണ് അഭിഭാഷകര്‍ ആവര്‍ത്തിക്കുന്നത്.

കേസിൽ നിർണ്ണായക തെളിവായത് റിപ്പോര്‍ട്ടര്‍ ചാനലിലെ അഭിലാഷ് മോഹൻ എന്ന മാധ്യമപ്രവർത്തകൻ സിസ്റ്റര്‍ അനുപമയുമായി നടത്തിയ അഭിമുഖത്തിലെ പരാമർശങ്ങളാണെന്ന് വിധി പ്രസ്താവത്തിന് ശേഷം ബിഷപ്പ് ഫ്രാങ്കോയുടെ അഭിഭാഷകര്‍ ഇന്ന് പറഞ്ഞിരിന്നു. കേസിലെ ആരോപണങ്ങളും സിസ്റ്റര്‍ അനുപമ പറഞ്ഞ കാര്യങ്ങളിലെ വൈരുദ്ധ്യവും പ്രത്യേകം പരിഗണിക്കപ്പെട്ടുവെന്ന് അഭിഭാഷകര്‍ പറഞ്ഞു. പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന തെളിവുകള്‍ക്കു യാതൊരു അടിസ്ഥാനമില്ലെന്നു കോടതിയ്ക്ക് ബോധ്യമായെന്നും അഭിഭാഷകര്‍ കൂട്ടിച്ചേര്‍ത്തു.

2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നായിരുന്നു ബിഷപ്പിനെതിരെയുള്ള പ്രോസിക്യൂഷന്‍ കേസ്. മിഷ്ണറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണു കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2018 ജൂണിലാണ് കേസ് റജിസ്റ്റര്‍ ചെയ്യുന്നത്. പീഡനം, തടഞ്ഞുവയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെ ഏഴു വകുപ്പുകളാണു ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയത്. വൈക്കം മുന്‍ ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയ കേസില്‍ 2018 സെപ്റ്റംബര്‍ 21ന് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ജാമ്യം ലഭിച്ചു.

കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പഞ്ചാബിലെ ഭഗത്പുര്‍ ബിഷപ് ഡോ. കുര്യന്‍ വലിയകണ്ടത്തില്‍, ഉജ്ജയിന്‍ ബിഷപ് സെബാസ്റ്റ്യന്‍ വടക്കേല്‍, പാലാ രൂപത വികാരി ജനറല്‍ ഫാ. ജോസഫ് തടത്തില്‍ തുടങ്ങി 39 സാക്ഷികളെ വിസ്തരിച്ചു. ഇതിനിടെ ഇരയായ കന്യാസ്ത്രീയെ 12 ദിവസം വിസ്തരിച്ചു. 122 പ്രമാണങ്ങളും നാലു തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗത്തുനിന്ന് ആറു സാക്ഷികളെയും വിസ്തരിച്ചു. 105 ദിവസത്തെ വിസ്താരത്തിനു ശേഷമാണ് കേസില്‍ വിധി വരുന്നത്. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ വിചാരണ ആരംഭിച്ചെങ്കിലും പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റുകയായിരുന്നു. വിധി പ്രഖ്യാപനത്തിന് പിന്നാലെ കോടതി മുറിയ്ക്ക് പുറത്തുവന്നപ്പോള്‍ ബിഷപ്പ് ഫ്രാങ്കോ പൊട്ടിക്കരഞ്ഞിരിന്നു. 'ദൈവത്തിന് സ്തുതി' എന്ന്‍ മാത്രമായിരിന്നു അദേഹത്തിന്റെ പ്രതികരണം.

Write a comment
News Category