Thursday, November 21, 2024 12:28 PM
Yesnews Logo
Home News

കൽപ്പറ്റയിൽ `വിമൻ ഒൺലി' പാർക്കിങ് സൗകര്യങ്ങൾ അനുവദിയ്ക്കണമെന്ന ആവശ്യവുമായി വിമൻ ചേംബർ ഓഫ് കോമേഴ്‌സ്

സ്വന്തം ലേഖകന്‍ . May 06, 2022
women-only-parking-women-chamber-of-commerce-wayayanad-kerala
News

കൽപ്പറ്റ ടൗണിൽ സ്ത്രീകൾക്ക് പ്രത്യേക പാർക്കിങ് സൗകര്യം വേണമെന്ന ആവശ്യവുമായി വിമൻ ചേംബർ ഓഫ് കോമേഴ്‌സ് കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ മുജീബ് കേയംതൊടിയ്ക്കു നിവേദനം നൽകി. കൽപ്പറ്റ നഗര നവീകരണത്തിനൊപ്പം തന്നെ നഗരത്തിൽ ട്രാഫിക് പരിഷ്ക്കരണ നടപടികളും നടന്നു വരുന്ന സാഹചര്യത്തിലാണ് വിമൻ ചേംബർ ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. വാഹനപ്പെരുപ്പം മൂലം വീർപ്പുമുട്ടുന്ന ടൗണിൽഏതാണ്ട് എല്ലാ  ഭാഗങ്ങളും  ഓട്ടോ റിക്ഷ/ ഗുഡ്സ് /ചരക്കു വാഹനങ്ങൾ കൈയടക്കിയിരിക്കുയാണെന്നും അതുകൊണ്ടു സ്വകാര്യ വാഹനങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കു   പാർക്കിങ്ങിനായി ഒരു പാട് ബുദ്ധിമുട്ടേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്നും  വിമൻ ചേംബർ ഓഫ് കോമേഴ്‌സ് ഭാരവാഹികൾ  പറഞ്ഞു. ടൗണിലെ  പ്രധാന നിരത്തുകളിലും  ഷോപ്പിംഗ് സെന്ററുകൾക്ക് മുൻപിലെ റോഡ് സൈഡുകളിലും   വിമൻ ഒൺലി പാർക്കിംഗ് മാർക്ക് ചെയ്തു ബോർഡ് വയ്ക്കണമെന്നാണ് വിമൻ ചേംബർ ആവശ്യപ്പെടുന്നത് .

സ്വന്തമായി വാഹനമോടിച്ചു  വിവിധ ആവശ്യങ്ങൾക്കായി ടൗണിൽ വരുന്ന സ്ത്രീകളുടെ എണ്ണം  ഇന്ന് ഏറെ വർധിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ സ്ത്രീകൾക്ക് മാത്രമായി കുറച്ചു സ്ഥലം പാർക്കിങ്ങിന് ടൗണിലെ പ്രധാന ഭാഗങ്ങളിൽ നീക്കി വയ്ക്കണമെന്നുമുള്ള  നിർദേശമാണ് വിമൻ ചേംബർ മുന്നോട്ടു വച്ചിട്ടുള്ളത് . ഒപ്പം  `പേ ആൻഡ് പാർക്ക്   സൗകര്യം ഒരുക്കണമെന്നും അത് മുനിസിപ്പാലിറ്റിയ്ക്ക്  വരുമാനമാകുമെന്നും വിമൻ ചേംബർ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.  

വിമൻ ചേംബർ മുന്നോട്ടു വച്ച ആവശ്യങ്ങൾ പരിഗണിയ്ക്കാമെന്നും ഉചിതമായ നടപടികൾ സ്വീകരിയ്ക്കാമെന്നും മുൻസിപ്പൽ ചെയർമാൻ ഉറപ്പു നൽകി. വിമൻ ചേംബർ ഓഫ് കോമേഴ്‌സ് സെക്രട്ടറി ബിന്ദു മിൽട്ടൺ, പ്രസിഡന്റ് അന്നാ ബെന്നി , ട്രെഷറർ ഡോക്ടർ നിഷ ബിപിൻ എന്നിവരുടെ നേതൃത്വത്തിലാണ്  മുൻസിപ്പൽ ചെയർമാന് നിവേദനം നൽകിയത്. 

Write a comment
News Category