കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ സംശുദ്ധ മുഖം സതീശൻ പാച്ചേനി അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 54 വയസായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഈ മാസം 19നാണ് സതീശൻ പാച്ചേനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ പാലക്കാട് ലോക്‌സഭാ സീറ്റിലും മത്സരിച്ചിട്ടുണ്ട്.
തളിപ്പറമ്പിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തിലായിരുന്നു ജനനം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും കര്‍ഷക തൊഴിലാളികളുമായ പരേതനായ പാലക്കീല്‍ ദാമോദരന്റെയും മാനിച്ചേരി നാരായണിയുടെയും മൂത്ത മകനായി 1968 ജനുവരി അഞ്ചിനാണ് മാനിച്ചേരി സതീശന്‍ എന്ന സതീശന്‍ പാച്ചേനി ജനിച്ചത്. മാവിച്ചേരി കേസിൽ ഉള്‍പ്പെടെ നിരവധി തവണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി ജയില്‍ശിക്ഷ അനുഭവിക്കുകയും അനവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത പാച്ചേനി ഉറുവാടന്റെ കൊച്ചു മകനാണ്.
പാച്ചേനി സർക്കാർ എൽ പി സ്കൂൾ, ഇരിങ്ങൽ യുപി സ്കൂൾ, പരിയാരം സർക്കാർ ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കണ്ണൂർ എസ്എൻ കോളജിൽ നിന്ന് പ്രീഡിഗ്രിയും പയ്യന്നൂർ കോളജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും നേടി. കണ്ണൂർ സർക്കാർ പോളിടെക്നിക്കിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ നേടി.പാച്ചേനിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചനം രേഖപ്പെടുത്തി .