പൊലീസ് സേനക്ക് കളങ്കമുണ്ടാക്കുന്നവരോട് ഒരു ദാക്ഷിണ്യവും കാണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിന്റെ അടിസ്ഥാന സൗകര്യത്തിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. രാജ്യത്ത് കേരള പോലീസ് ഒന്നാം സ്ഥാനത്താണ്. പോലീസ് സേനയിലെ വിരലിൽ എണ്ണാവുന്ന ചിലർ നടത്തുന്ന പ്രവർത്തികൾ സേനക്ക് കളങ്കം വരുത്തുന്നു. ഇവരുടെ പ്രവർത്തി മൂലം സേനക്ക് തല കുനിയ്ക്കേണ്ടി വരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊട്ടാരക്കരയിൽ നിർമ്മിച്ച കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തന്നെക്കാൾ പ്രാധാന്യത്തോടെ തന്റെ മുന്നിലെത്തുന്ന ആളുകളെ കാണണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. മൂന്നാം മുറ ഉൾപ്പടെയുള്ള പ്രവണതകൾ ഉണ്ടാകുന്നില്ല എന്നു ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചു വരികയാണ്. 18 മാസം വരെ ഈ ദൃശ്യങ്ങൾ സൂക്ഷിക്കും. പോലീസ് ഉദ്യോഗസ്ഥർക്കും പോലീസ് കൺട്രോൾ റൂമിലും ഈ ദൃശ്യങ്ങൾ കാണാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തെ 520 പോലീസ് സ്റ്റേഷനുകളിലും സി സി ടി വി ക്യാമറ സംവിധാനങ്ങൾ നിലവിൽ വരും. ലോക്കപ്പ്, വരാന്ത, സ്വീകരണമുറി, പോലീസ് ഓഫീസർമാരുടെ മുറി തുടങ്ങി പോലീസ് സ്റ്റേഷനിലെ വിവിധ സ്ഥലങ്ങളിലെ ദൃശ്യങ്ങളാണ് ക്യാമറ വഴി നിരീക്ഷിക്കുക.