നിർണായക നിയമസഭാ യോഗം ചേരാനിരിക്കെ കോൺഗ്രസിലെ തമ്മിലടി മുസ്ലിംലീഗിനെ അലോസരപ്പെടുത്തുന്നു. മലപ്പുറത്ത് ലീഗ് ആസ്ഥാനത്ത് ചേർന്ന എംഎൽഎമാരുടെ യോഗത്തിൽ മുഖ്യ ചർച്ചയായത് കോൺഗ്രസിലെ വിഭാഗീയതയാണ്. ശശി തരൂർ വിഷയത്തിൽ കോൺഗ്രസിലെ അഭിപ്രായ വ്യത്യാസമെല്ലാം അവസാനിച്ചു എന്ന് കരുതിയ സമയത്താണ് കോട്ടയത്ത് നിന്നും പുതിയ പ്രശ്നങ്ങൾ ഉയർന്നു വരുന്നത്. യുഡിഎഫ് മുന്നണിയെ തന്നെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ കോൺഗ്രസിലെ തർക്കങ്ങൾ വളരുകയാണ്. ഇനിയും കാഴ്ചക്കാരായി നോക്കി നിൽക്കാൻ കഴിയില്ലെന്ന നിലപാടിലാണ് മുസ്ലിം ലീഗ്. നിയമസഭ സമ്മേളനത്തിന് മുന്നോടിയായി ചേരുന്ന യുഡിഎഫ് യോഗത്തിൽ മുസ്ലിം ലീഗ് ഇതും ഉന്നയിക്കും.
മലപ്പുറത്ത് ചേർന്ന മുസ്ലിം ലീഗ് എംഎൽഎമാരുടെ യോഗത്തിലാണ് ഇക്കാര്യങ്ങൾ ചർച്ചയായത്. നിലവിൽ തന്നെ ഗവർണർക്കെതിരായ ഓർഡിനൻസ് അടക്കമുള്ള കാര്യങ്ങളിൽ മുസ്ലിം ലീഗിന് കോൺഗ്രസിന്റെ നിലപാടല്ല. അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം മുന്നണിക്ക് ഉള്ളിൽ ചർച്ച ചെയ്തു പരിഹരിക്കും എന്ന് പികെ കുഞ്ഞാലിക്കുട്ടി പറയുമ്പോൾ മുന്നണിക്കുള്ളിൽ ലീഗിന്റെ നിലപാട് ശക്തമായി തന്നെ അവതരിപ്പിക്കും എന്ന് വ്യക്തമാണ്. ഗവർണർക്ക് എതിരായ ഓർഡിനൻസ് സഭയിൽ കൊണ്ടുവരുമ്പോൾ യുഡിഎഫ് എന്ന നിലയിൽ എടുക്കുന്ന തീരുമാനം അനുസരിച്ച് വോട്ട് ചെയ്യുമെങ്കിലും സഭക്ക് അകത്തും മുന്നണിക്ക് അകത്തും ലീഗിന്റെ നിലപാട് ഉന്നയിക്കും എന്നാണ് തീരുമാനം.