ബഫർ സോൺ വിഷയത്തിൽ ക്രൈസ്തവ സഭകളും കാർഷിയ്ക് സംഘടനകളും പ്രത്യക്ഷ സമരം തുടങ്ങിയതോടെ സർവ കക്ഷി യോഗം വിളിക്കാൻ ഇടതു സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രിയാണ് യോഗം വിളിക്കാൻ നിർദേശിച്ചത്.
താമരശ്ശേരി രൂപത ഉൾപ്പെടെ ക്രൈസ്തവ നേതൃത്വം ബഫർ സോൺ വിഷയത്തിൽ കടുത്ത സമീപനമാണ് കൈകൊണ്ടിട്ടുള്ളത്. ചോര കൊടുത്തും സർക്കാർ നീക്കത്തെ തടയുമെന്ന് വ്യക്തമാക്കിയതോടെ മലയോര പ്രദേശങ്ങൾ പ്രക്ഷുബ്ധമാണ് . കാർഷിക മേഖലയിൽ സജീവമായ സംഘടനകളും സർക്കാരിനെതിരെ നീങ്ങി തുടങ്ങി. ഒരു പ്രകോപനവുമില്ലാതെ ഉപഗ്രഹ സർവ്വേയുമായി സർക്കാർ രംഗത്തു വന്നത് എന്തിനെന്ന് ആർക്കും മനസിലാകുന്നില്ല. സർവ കോണുകളിൽനിന്നും എതിർപ്പ് രൂക്ഷമായതോടെയാണ് സർവക്ഷി യോഗം വിളിച്ച തടി രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നത്.
എല്ലാ വിഷയങ്ങളും യോഗത്തില്‍ ചർച്ച ചെയ്യുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. വനവുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നമുണ്ടായാലും അതിനെ പർവതീകരിക്കുകയാണെന്നും പാവപ്പെട്ട കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.ബഫര്‍സോണ്‍ വർഷങ്ങൾക്ക് മുൻപ് തന്നെ ചർച്ച തുടങ്ങിയ വിഷയമാണ്. എന്നാൽ വാർത്തകൾ ശ്രദ്ധിച്ചാൽ തോന്നും ഇത് ഇപ്പോൾ പൊട്ടിമുളച്ച സംഭവമാണെന്ന്. സര്‍ക്കാരിന് എതിരായ സമരങ്ങൾ കർഷകനെ സഹായിക്കാനല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
ഇതിനിടെ, ഉപഗ്രഹ സർവേ റിപ്പോർട്ടിനൊപ്പം നേരിട്ടുള്ള പരിശോധനാ റിപ്പോർട്ട് പിന്നീട് നൽകുമെന്ന് സുപ്രീം കോടതിയെ അറിയിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കോടതിയിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് എജിയും സ്റ്റാൻഡിങ് കൗൺസലുമായും ചർച്ച ചെയ്യും. ഉപഗ്രഹ സർവേ റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം തേടലും പരിഗണനയിലുണ്ട്. ജൂൺ മൂന്നിലെ ഉത്തരവ് പ്രകാരം ഉപഗ്രഹ സർവേ റിപ്പോർട്ട് നൽകാനുള്ള സമയപരിധി ഈ മാസം തീരുകയാണ്.ജനുവരി ആദ്യവാരമാണ് ബഫർസോൺ കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്