ജില്ലയിലെ വനിതാ സംരംഭകർക്കായി വിമൻ ചേംബർ ഓഫ് കോമേഴ്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്ന് ശില്പശാല നടത്തി . ജില്ലയിലെ വനിതാ സംരംഭകർക്ക് ഈടില്ലാതെ വിവിധ സംരംഭങ്ങൾ തുടങ്ങാനും നിലവിലുള്ളവ വിപുലപ്പെടുത്താനും SME ലോണുകൾ എങ്ങനെ ലഭ്യമാക്കാം അതിന്റെ നടപടിക്രമങ്ങൾ എന്നിവയെ കുറിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രതിനിധികൾ വിശദീകരിച്ചു . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റീജിയണൽ മാനേജർ ശ്രീമതി ധന്യാ സദാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി . SMEപരിപാടിയ്ക്ക് കീഴിൽ ലഭ്യമാകുന്ന വായ്പകൾ , അതിന്റെ നടപടിക്രമങ്ങൾ , തിരിച്ചടവ് തുടങ്ങി വായ്പാ പരിപാടികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് ചീഫ് മാനേജർ ശ്രീ ജി എസ് റോഷൻ സംസാരിച്ചു . തുടർന്ന് സംരംഭകരായ വനിതകൾ അവരുടെ സംശയങ്ങളും ആശങ്കകളും ബാങ്ക് അധികൃതരുമായി പങ്കുവച്ചു . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൽപ്പറ്റ ബ്രാഞ്ച് ചീഫ് മാനേജർ ഇ എസ് ദ്യുതിലാൽ സംരംഭകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജർ കെ രൂപേഷ് കുമാർ , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ SME കൽപ്പറ്റ ബ്രാഞ്ച് മാനേജർ കെ സുനിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വനിതാ സംരംഭകർ പരിപാടിയിൽ പങ്കെടുത്തു . വിമൻ ചേംബർ ഓഫ് കോമേഴ്സ് ജനറൽ സെക്രട്ടറി ബിന്ദു മിൽട്ടൻ സ്വാഗത പ്രസംഗം നടത്തി. പ്രസിഡന്റ് അന്നാ ബെന്നി അധ്യക്ഷത വഹിച്ചു. വിമൻ ചേംബർ ഓഫ് കോമേഴ്സ് അംഗവും സംരംഭകയുമായ എം ഡി ശ്യാമള നന്ദി പ്രകാശിപ്പിച്ചു .