ആന്ധ്രാപ്രദേശിൽ തെലുങ്കുദേശം പാർട്ടിയുമായും ജനസേനാ പാർട്ടിയുമായും സഖ്യം രൂപീകരിച്ച് ബി ജെ പി. ഒരു ഇടവേളക്ക് ശേഷമാണ് ചന്ദ്രബാബു നായിഡു നയിക്കുന്ന ടി ഡി പി ബി ജെ പി പാളയത്തിലേക്ക് എത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി എൻ ഡി എ സഖ്യം വിപൂലീകരിക്കുന്നതിനായുള്ള തീവ്രശ്രമത്തിലാണ് ബി ജെ പി. ഇതിന്റെ ഭാഗമായിക്കൂടിയാണ് പഴയ സഖ്യകക്ഷികളെ അടക്കം മുന്നണിയിലേക്ക് എത്തിക്കുന്നത്.നായിഡു വഴി ആന്ധ്രായിൽ കാലുറപ്പിക്കയാണ് ബി.ജെ.പി ലക്‌ഷ്യം. പാർട്ടിക്ക് വേരോട്ടമില്ലാത്ത രാജ്യത്തെ സംസ്ഥാനങ്ങളിൽ ഒന്നാണ് ആന്ധ്രാ.
ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും എന്‍ ഡി എ സഖ്യം വലിയ വിജയം നേടുമെന്ന് സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ടി ഡി പി അധ്യക്ഷൻ ചന്ദ്രബാബു നായിഡു വെള്ളിയാഴ്ച മാധ്യമങ്ങളോട് വ്യക്തമാക്കി. സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ടുള്ള മൂന്ന് പാർട്ടികളുടെയും സംയുക്ത പ്രസ്താവന ഉടൻ പുറത്തിറങ്ങും. മാർച്ച് 17 ന് ഗുണ്ടൂരിൽ ടി ഡി പി - ബി ജെ പി സംയുക്ത റാലി നടക്കുമെന്നും പ്രതീക്ഷിക്കുന്നു
വൈ.എസ്.ആർ കോൺഗ്രസ്സ് ഭാവിയിൽ കോൺഗ്രസ്സിലേക്ക് തിരിച്ചു പോകുമെന്ന് ആശങ്ക ബി.ജെ.പിക്ക് ഉണ്ട്. മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢിയുടെ സഹോദരി ശർമ്മിള കോൺഗ്രസ്സിൽ ചേർന്നത് തന്നെ ഈ ലക്‌ഷ്യം മുൻ നിര്ത്തിയാണെന്ന് പാർട്ടി നേതാക്കൾ കരുതുന്നു. ഈ സാഹചര്യം കണക്കാക്കിയാണ് പുതിയ സമവാക്യങ്ങൾക്ക് ബി.ജെ.പി ഒരുങ്ങുന്നത്.