വയനാട്ടിലെ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിയ്ക്കാൻ റിപ്പബ്ലിക്കൻ പാർട്ടിയുടെ നുസ്രത് ജഹാൻ വരുന്നുവെന്ന വാർത്തകൾ വ്യാജമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു,. സോഷ്യൽ മീഡിയയിലാണ് ഈ വാർത്ത പ്രചരിയ്‌ക്കുന്നത് . സ്ഥാനാർത്ഥികളെ ബിജെപി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇക്കാര്യത്തെ സംബന്ധിച്ച് പാർട്ടിയുടെ ജില്ലാ സംസ്ഥാന, നേതൃത്വത്തിന് യാതൊരറിവുമില്ല എന്ന് പാർട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. കോഴിക്കോട്ടുകാരിയായ നുസ്രത് ജഹാൻ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടു നിന്ന് സ്വതന്ത്രയായി മത്സരിച്ചിരുന്നു . എയർലൈൻ മേഖലയിൽ ജോലി ചെയ്തിരുന്ന നുസ്രത് ജഹാൻ ഏതാനും വർഷങ്ങൾക്കു മുൻപാണ് റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്നത് . മൂന്നു വർഷം മുൻപ്ഇവരെ ഗവർണറാക്കാൻ പോകുന്നുവെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു . അവർ തന്നെ അന്ന് ചില ദൃശ്യ മാധ്യമങ്ങളിൽ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കേന്ദ്രത്തിൽ എൻ ഡി എ ഘടകക്ഷിയാണ് റപ്പബ്ലിക്കൻ പാർട്ടി. പാർട്ടിയുടെ നേതാവ് രാംദാസ് അതവാല ആദ്യ മോദി മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്നു.
അതെ സമയം വയനാട്ടിൽ ഇവർ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിയ്ക്കുന്നുണ്ടെന്നും വാർത്തകൾ വരുന്നുണ്ട്. കഴിഞ്ഞ തവണ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിച്ചത് ബി ജെ ഡി എസിന്റെ തുഷാർ വെള്ളാപ്പള്ളിയായിരുന്നു . ഇത്തവണ വയനാട്ടിൽ താമര ചിഹ്നത്തിൽ ബി ജെ പിയുടെ സ്ഥാനാർത്ഥി തന്നെ ആണ് മത്സരിയ്ക്കുകയെന്നു ബി ജെ പി വൃത്തങ്ങൾ അറിയിച്ചു.